തിരുവനന്തപുരം:അഗസ്ത്യാര്‍കൂട യാത്രയ്ക്ക് തുടക്കമായി.സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്കുപിന്നാലെ മല കയറി ചരിത്രം സൃഷ്ടിക്കുന്ന ആദ്യ വനിതയാവാന്‍ ധന്യാ സനല്‍.പ്രതിരോധവക്താവായ ധന്യ സനല്‍ ആദ്യദിനത്തില്‍ മല കയറുന്ന സംഘത്തിനൊപ്പമുള്ള ഏക വനിതയാണ്.തീര്‍ത്ഥാടനമല്ല,മറിച്ച് ട്രംക്കിംഗിനോടുള്ള താല്പര്യം കൊണ്ടാണ് ധന്യ അഗസ്ത്യാര്‍ കൂടം കയറുന്നത്.ട്രംക്കിംഗിലെ മുന്‍ പരിചയം അഗസ്ത്യാര്‍കൂടത്തിന്റെ നെറുകയിലെത്താന്‍ സഹായകമാവുമെന്ന് ധന്യ പറയുന്നത്.ഇവര്‍ യാത്ര തുടങ്ങിക്കഴിഞ്ഞു.
അതേസമയം അഗസ്ത്യാര്‍കൂടത്തിലേക്കുള്ള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്തുണ്ട്.ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ബോണക്കാട് ഗ്രോത്രാചാര സംരക്ഷണ യജ്ഞം തുടങ്ങി.എന്നാല്‍ സ്ത്രീകള്‍ കയറുന്നതില്‍ എതിര്‍പ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാല്‍ ആരെയും തടയില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
ഇന്ന് മുതല്‍ മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യാര്‍കൂട യാത്ര നടക്കുന്നത്.ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 100ല്‍ പരം സ്ത്രീകളാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് യാത്രക്കായി പാസ് നേടിയത്.