തിരുവനന്തപുരം: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി ബുധനാഴ്ച ഉച്ചയോടെയാണ് രാജിവച്ചത്.രാജിക്കത്ത് നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയില്ല. പാര്‍ട്ടി അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്.

രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി രാവിലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് ദേശീയ നേതൃത്വവുമായി സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യത്. ചര്‍ച്ചയില്‍ രാജിവെക്കുക എന്ന നിലപാടിലേക്ക് തന്നെ ദേശീയ നേതൃത്വവും എത്തുകയായിരുന്നു.

സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായാല്‍ തിരിച്ച് വരാന്‍ സമ്മതിക്കണമെന്ന ഉപാധിയോടെയാണ് രാജിവെക്കുന്നത് എന്നാണ് അറിയുന്നത്. എന്നാല്‍ ഉപാധികളോടെയുള്ള രാജി അംഗീകരിക്കില്ലെന്ന് സി.പി.ഐ അറിയിച്ചു. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചിരുന്നു.

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോഴായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് കോടതി മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം ഇല്ല എന്ന് വരെ കോടതി നിരീക്ഷിച്ചു. തോമസ് ചാണ്ടിയോട് സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിക്ക് പിന്നാലെ കൊച്ചിയില്‍ ചേര്‍ന്ന എന്‍.സി.പിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലും മന്ത്രിയുടെ രാജിക്കായി മുറവിളിയുണ്ടായിരുന്നു.തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി രാജിവെക്കാന്‍ തീരുമാനിച്ചത്.