തിരുവനന്തപുരം:അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗത്തിന് തയ്യാറെന്നു നിയമസഭയില്‍ മുഖ്യമന്ത്രി.അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യോത്തരവേളയില്‍ ഇടതുവലതുമുന്നണികളിലെ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് യുഡിഎഫ് ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്നറിയിച്ചത്. കേരളത്തിന്റെ ഇതുവരെയുള്ള വികസനത്തില്‍ ഒരു പങ്കുംവഹിക്കാത്ത ചിലര്‍ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് തടയാനും പിന്നോട് അടിക്കാനും ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹര്‍ത്താല്‍ മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു കൂട്ടാന്‍ തയ്യാറാണോ എന്ന ലീഗ് എംഎല്‍എ പികെ ബഷീറിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ഈ വിഷയത്തില്‍ നിയമനിര്‍മ്മാണം പിന്നീട് ആലോചിക്കും.സംസ്ഥാനത്ത് അക്രമം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടന്നത്.പോലീസിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ശാന്തമായ അന്തരീക്ഷം തിരിച്ച് വന്നത്.അക്രമികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഒരു കോടി രൂപയുടെ സ്വകാര്യ സ്വത്തുക്കള്‍ ഹര്‍ത്താലില്‍ നശിപ്പിക്കപ്പെട്ടു.2843022 രൂപയുടെ നഷ്ടം സംസ്ഥാനത്തിനുമുണ്ടായി.
ടൂറിസം മേഖല കേരളത്തിന്റെ മുഖ്യവരുമാനമാര്‍ഗ്ഗങ്ങളില്‍ ഒന്നാണെന്നും എന്നാല്‍ ടൂറിസം മേഖലയുടെ വികസനത്തിന് തടയിടാന്‍ ബോധപൂര്‍വ്വമുള്ള ശ്രമങ്ങളുണ്ടാവുന്നുണ്ടെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
അതേസമയം കേരള ഹൈക്കോടതി ഹര്‍ത്താലിനെതിരെ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഹര്‍ത്താല്‍ നിയന്ത്രണബില്‍ എന്ത് കൊണ്ട് നടപ്പാക്കാന്‍ തയ്യാറാവുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ആദ്യം സഭയ്ക്ക് പുറത്തു സര്‍വകക്ഷിയോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും ഇതിനുശേഷം ഇക്കാര്യത്തില്‍ ബില്‍ കൊണ്ടു വരുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
കഴിഞ്ഞ ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ അക്രമങ്ങളില്‍ വ്യാപാരികള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ മുന്‍കൈയെടുക്കാമോ എന്ന ചോദ്യത്തില്‍ ഹര്‍ത്താലിലുണ്ടായ എല്ലാ ആക്രമങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാരും പൊലീസും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ്-മഞ്ചേശ്വരം മേഖലകളില്‍ വര്‍ഗ്ഗീയകലാപത്തിന് നിരന്തരം ശ്രമം നടക്കുന്നുണ്ടെന്ന് ചോദ്യത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.മറ്റു മേഖലകളില്‍ വര്‍ഗ്ഗീയ കലാപം നടത്തിയ നേട്ടം കൊയ്ത്തവരാണ് കേരളത്തിലും അതേ വിദ്യ പയറ്റുന്നത്.ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.