തിരുവനന്തപുരം:അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ ചട്ടലംഘനങ്ങള്‍ ചര്‍ച്ചചെയ്യാനും നടപടികള്‍ സ്വീകരിക്കാനും ഇന്ന് ഉന്നതതല യോഗം ചേരും.ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍,സംസ്ഥാന പോലീസ് മേധാവി, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ പങ്കെടുക്കും.
അതേസമയം സുരേഷ് കല്ലട ബസിലെ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരായ നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ശക്തമാക്കി.ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരിലുള്ള പരിശോധന തുടരുകയാണ്. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ ടൂറിസ്റ്റ് ബസുകളുടെ ഓഫീസുകളിലും മറ്റും പരിശോധന നടത്തി.6 അന്തസംസ്ഥാന ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ കേസെടുത്തു.സുരേഷ് കല്ലട ബസിന് അമിതവേഗതയ്ക്ക് ആയിരത്തിലധികം തവണ പിഴയിട്ടതായാണ് വിവരം.
പെര്‍മിറ്റ് ചട്ടം ലംഘിച്ച ബസുകള്‍ക്ക് പിഴയും നോട്ടീസും നല്‍കുന്നത് കൂടാതെ ലൈസന്‍സില്ലാതെ നടത്തുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചിട്ടുണ്ട്.