തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാരത് ഭവനില്‍ ആരംഭിച്ച അന്താരാഷ്ട്ര കാവ്യോല്‍സവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ജീവിതപ്പാതയിലെ ഇരുട്ടുനീക്കുന്ന റാന്തല്‍ വെളിച്ചമാവാനുള്ള ശക്തി കവിതയ്ക്കുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെവിടെയും വംശീയ വിദ്വേഷവും മതമൗലികവാദവും പിടിമുറുക്കുകയും മനുഷ്യന് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിനെതിരേ ശബ്ദമുയര്‍ത്തുന്ന കവികളും എഴുത്തുകാരും കലാകാരന്മാരും ആക്രമിക്കപ്പെടുകയാണ്. പ്രതിരോധിക്കുന്നവരെ നിശബ്ദരാക്കാനുള്ള മൗലികവാദികളുടെ ശ്രമത്തെ നേരിടാന്‍ സാമൂഹിക മൂല്യങ്ങള്‍ക്കൊപ്പം നില്ക്കുന്ന എഴുത്തുകാര്‍ക്കേ കഴിയൂ. വിരുദ്ധാഭിപ്രായങ്ങളോട് അസഹിഷ്ണുതയുള്ളിടത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും നിലനില്‍ക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രശസ്ത ഹിന്ദി കവിയും എഴുത്തുകാരനും രസ ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റിയുമായ അശോക് വാജ്പേയി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃത്യ അന്താരാഷ്ട്ര കാവ്യോത്സവം ഡയറക്ടര്‍ രതി സക്സേന സ്വാഗതം പറഞ്ഞു. തുര്‍ക്കി കവി അദോല്‍ ബെറാമുലു, എസ്റ്റോണിയന്‍ കവി ഡോറിസ് കരേവ, നെതര്‍ലാന്‍ഡ്സിലെ പോയട്രി ഇന്റര്‍നാഷണല്‍ റോട്ടര്‍ഡാം ഡയറക്ടര്‍ ബാസ് വാക്മാന്, കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ, ഭാരത്ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിച്ചു. നവംബര്‍ പന്ത്രണ്ടു വരെ വിവിധവേദികളില്‍ നടക്കുന്ന കാവ്യോത്സവത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കവികള്‍ സംബന്ധിക്കും.