തിരുവനന്തപുരം: ചലച്ചിത്രപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍ കൂടി അനുവദിക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തിയറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ഡിസംബര്‍ നാലിന് രാവിലെ 11 മണി മുതല്‍ രജിസ്‌ട്രേഷന്‍ നടത്താം. സംസ്ഥാനത്തെ 2700 ലേറെ വരുന്ന അക്ഷയ ഇ-കേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
ഈ വര്‍ഷം രജിസ്‌ട്രേഷന്റെ ആദ്യഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴിയും അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം. ഡെലിഗേറ്റ് ഫീ അടയ്ക്കുന്നതോടെ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയുള്ളൂ.