തിരുവനന്തപുരം:വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനുകാരണമായ അപകടം നടന്ന സമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയെന്ന് സാക്ഷിമൊഴികള്‍.അപകടം നടന്ന സ്ഥലത്തിനടുത്തു താമസിക്കുന്നവരും ബാലഭാസ്‌കറിന്റെ കാറിനു പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുമടക്കം അഞ്ചുപേരാണ് പോലീസിന് മൊഴി നല്‍കിയത്. രക്ഷാപ്രവര്‍ത്തന
ത്തിന് ആദ്യമെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെയടക്കം ഇനി കുറച്ചുപേരുടെ കൂടി മൊഴിയെടുക്കാനുണ്ട്.
ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘവും അപകട സ്ഥലം സന്ദര്‍ശിച്ചു.ഫൊറന്‍സിക് സംഘം വാഹനവും പരിശോധന നടത്തി. മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് സികെ ഉണ്ണി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പ്രധാനമായും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടേയും ഡ്രൈവര്‍ അര്‍ജുന്റേയും മൊഴികള്‍ തമ്മിലുള്ള വൈരുദ്ധ്യം അന്വേഷണവിധേയമാക്കണമെന്നായിരുന്നു ആവശ്യം.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജ്ജുനാണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പോലീസിനു മൊഴി നല്‍കിയത്.ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ലക്ഷ്മി മൊഴി പറഞ്ഞിരുന്നു.എന്നാല്‍ ഇതിനു വിരുദ്ധമായി അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി.