തിരുവനന്തപുരം:അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തില്‍ ജനുവരിയിലും തണുത്തു വിറച്ച് കേരളം.മൂന്നാര്‍ ഉള്‍പ്പെടെ ഹൈറേജ് മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിക്കു താഴെയാണ്.
രണ്ടാഴ്ചയോളമായി സംസ്ഥാനത്ത് രാത്രിയില്‍ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്.രണ്ടാഴ്ചയോളം ഇത് തുടരുമെന്ന് കാലാവസ്ഥാവിദഗ്ധര്‍ അറിയിക്കുന്നു.രാത്രിയില്‍ തണുപ്പ് കൂടുന്നതിനൊപ്പം പകല്‍ ശക്തമായ ചൂടും അനുഭവപ്പെടുന്നുണ്ട്.പകല്‍ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുന്നു.രാത്രി 16-18 ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറയുന്നു.താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനം ആരോഗ്യത്തെയും ബാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.ഇത്തരം കാലാവസ്ഥാവ്യതിയാനം പത്തുവര്‍ഷത്തിനിടെ ആദ്യമാണെന്ന് കാലാവസ്ഥ നിരീക്ഷണ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ശൈത്യകാലത്ത് യൂറോപ്പില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇന്ത്യയിലേക്ക് വീശുന്ന കാറ്റിന്റെ ഗതി മാറിയതാണ് കേരളത്തില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടാനുള്ള പ്രധാന കാരണമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ പറയുന്നു.
പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രിക്കുതാഴെയായി.താപനില മൈനസ് മൂന്ന് ഡിഗ്രിയില്‍ എത്തിയതോടെ മൂന്നാര്‍ മഞ്ഞണിഞ്ഞ് അതീവസുന്ദരിയായി. മഞ്ഞിന്‍ കണങ്ങള്‍ വീണ തേയിലത്തോട്ടങ്ങളും പുല്‍മേടുകളും മലനിരകളും കണ്ട് തണുപ്പാസ്വദിക്കാന്‍ മൂന്നാറിലേക്ക് സഞ്ചാരികള്‍ കൂടുതലായെത്തുകയാണ്.