കണ്ണൂര്‍:നരേന്ദമോദിയെ സ്തുതിച്ച് ഫേസ്ബുക്ക്പോസ്റ്റിട്ടതിനു പിന്നാലെ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസില്‍ നിന്നു തന്നെ പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞു.അബ്ദുള്ളക്കുട്ടി അധികാര മോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം പറയുന്നു.രാഷ്ട്രീയ അഭയം നല്കിയ കോണ്‍ഗ്രസിനെ അബ്ദുള്ളക്കുട്ടി തിരിഞ്ഞുകുത്തുകയാണെന്നും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് കണ്ടാണ് ഭാണ്ഡക്കെട്ടുമായി ബിജെപിയിലേക്ക് പോകുന്നതെന്നും ഇത്തരത്തിലുള്ള അഞ്ചാംപത്തികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നുമുള്പ്പെടെ അതിരൂക്ഷമായാണ് അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടി പത്രം രംഗത്തുവന്നിരിക്കുന്നത്.’അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
ദേശാടനപക്ഷിയെപ്പോലെ ഇടക്കിടെ വാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലെത്തിയത് അധികാരമോഹവുമായാണ്.ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണ്.ഇങ്ങനെയൊരാളെ കോണ്‍ഗ്രസില്‍ തുടരാനനുവദിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
ഗാന്ധിയന്‍ മൂല്യങ്ങള്‍ ഗാന്്ധിയുടെ നാട്ടുകാരനായ മോദി ഭരണത്തില്‍ പ്രയോഗിച്ചതാണ് വന്‍ വിജയത്തിനു കാരണമെന്നും മോദിയുടെ ഭരണതന്ത്രജ്ഞതയെ വാനോളം പുകഴ്ത്തിയുമായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.