സാധാരണഗതിയില്‍ തീസിസ് ഒന്നും ആരും വായിക്കാന്‍ താല്‍പര്യപ്പെടാത്ത ഒരു കാര്യമാണ്. ട്രോളുകളും മറ്റും വൈറലാകുന്നതാണ് എപ്പോഴും കേള്‍ക്കാറുള്ളത്. ഒരു വിഷയത്തെ ആഴത്തില്‍ പഠിച്ച് അതിനെ പറ്റി എഴുതുന്നതാണ് തീസിസ്. പൊതുവെ വായനയുടെ കാര്യത്തില്‍ കുറച്ച് പിറകിലാണ് നമ്മള്‍. എന്നാല്‍ 50 വര്‍ഷം മുന്‍പു പ്രസിദ്ധീകരിച്ച ഒരു പിച്ച്എഡി തീസിസ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

തീസിസ് പ്രസിദ്ധീകരിച്ച കേംബ്രിജ് സര്‍വകലാശാല വെബ്സൈറ്റിനു പോലും താങ്ങാവുന്നതിലധികം സന്ദര്‍ശകര്‍. തീസിസ് ഒരു സാധാരണ വിദ്യാര്‍ഥിയുടേതല്ല. അസാധാരണ ജീവിതം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ഇരുപത്തിനാലാം വയസ്സില്‍ സമര്‍പ്പിച്ച പിഎച്ച്ഡി തീസിസ് ആണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സര്‍വകലാശാല കഴിഞ്ഞ ദിവസം വെബ്സൈറ്റില്‍ സൗജന്യമായി പ്രസിദ്ധീകരിച്ചത്.

120 പേജുള്ള തീസിസിന്റെ പിഡിഎഫ് പതിപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം. ഇതിനോടകം അര ലക്ഷത്തോളം പേര്‍ തീസിസ് ഡൗണ്‍ലോഡ് ചെയ്യുകയും ലക്ഷക്കണക്കിനാളുകള്‍ ഓണ്‍ലൈനായി പരിശോധിക്കുകയും ചെയ്തു.

പ്രപഞ്ചത്തിന്റെ വികാസത്തെ സംബന്ധിച്ച പഠനമാണ് തീസിസില്‍ ഹോക്കിങ് അവതരിപ്പിച്ചിട്ടുള്ളത്. തല കുനിച്ചു സ്വന്തം കാലിലേക്കു നോക്കാതെ മുഖമുയര്‍ത്തി നക്ഷത്രങ്ങളെനോക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനാണ് തീസിസ് പ്രസിദ്ധീകരിക്കുന്നതെന്നാണ് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞിരിക്കുന്നത്.