കൊച്ചി:അമ്മയുടെ മര്‍ദ്ദമേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മൂന്നു വയസ്സുകാരന്‍ മരണത്തിനു കീഴടങ്ങി.രണ്ട് ദിവസമായി കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയായിരുന്നു. തലച്ചോറിലെ രക്തസ്രാവം നിലയ്ക്കാതിരുന്നത് പ്രധാന വെല്ലുവിളിയായി.ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള പിതാവിനെ ആശുപത്രിയിലെത്തിച്ച് കുട്ടിയെ കാണിച്ചതിനുശേഷം മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കുട്ടിയെ ചപ്പാത്തി പരത്തുന്ന തടി കൊണ്ട് അടിക്കുകയും ശരീരത്ത് പൊള്ളലേല്‍പ്പിക്കുകയും ചെയ്തതായി അമ്മ പൊലീസിനോട് സമ്മതിച്ചിരുന്നു.കുട്ടിയെ ഇവര്‍ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്. ബാലാവകാശ നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അമ്മയെയും അച്ഛനെയും വിശദമായി ചോദ്യം ചെയ്ത പൊലീസ് ഇവരുടെ അയല്‍വാസികളില്‍ നിന്നും മൊഴിയെടുത്തു. കുട്ടിയുടെ അച്ഛന്‍ ബംഗാള്‍ സ്വദേശിയും അമ്മ ജാര്‍ഖണ്ഡ് സ്വദേശിയുമാണ്.കുട്ടിയുടെ അച്ഛന് സംഭവത്തില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.ഇവര്‍ക്ക് എന്തെങ്കിലും ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്ന് അറിയുന്നതിനായി കേരള പൊലീസ് ജാര്‍ഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാത്രമല്ല കുട്ടി ഇവരുടെ സ്വന്തം കുഞ്ഞാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധനയും നടത്തുമെന്നാണറിയുന്നത്.