ന്യൂഡല്‍ഹി:വിജയ് മല്യയുമായി കൂടിക്കാഴ്ച നടത്തിയില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി കള്ളം പറയുകയാണെന്നും മല്യ രാജ്യം വിടുന്നതിന് മുമ്പ് ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് കോണ്‍ഗ്രസ് എംപി സാക്ഷിയാണെന്നും രാഹുല്‍ ഗാന്ധി.ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് എംപി പിഎല്‍ പുണ്യയെക്കൊണ്ട് രാഹുല്‍ ഗാന്ധി സാക്ഷി പറയിപ്പിച്ചതും അരുണ്‍ ജെയ്റ്റ്ലിയുടെ രാജി ആവശ്യപ്പെട്ടതും.
മല്യയും ജെയ്റ്റ്ലിയും പാര്‍ലമെന്റില്‍ കൂടിക്കാഴ്ച്ച നടത്തുന്നത് താന്‍ കണ്ടുവെന്നും ഈ കൂടിക്കാഴ്ച്ചയ്ക്ക് രണ്ട് ദിവസത്തിന് ശേഷമാണ് മല്യ രാജ്യം വിട്ടതെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.ജെയ്റ്റ്ലിയെ കാണാനായി മാത്രമാണ് അന്ന് മല്യ പാര്‍ലമെന്റില്‍ വന്നതെന്നും പുണ്യ ആരോപിച്ചു.പാര്‍ലമെന്റ് ഹാളില്‍ കൂടിക്കാഴ്ച്ച നടത്തി അഞ്ച് മിനിറ്റുകള്‍ക്ക് ശേഷം അവര്‍ ബെഞ്ചിലിരുന്ന് സംസാരിച്ചുവെന്നും ജെയ്റ്റ്ലി പറയുന്നത് പോലെ ഒറ്റവരി കൂടിക്കാഴ്ച്ച അല്ലായിരുന്നു അതെന്നും പി.എല്‍ പുണ്യ പറഞ്ഞു.
ഇരുവര്‍ക്കുമിടയില്‍ സന്ധി സംഭാഷണം നടന്നതായും രാഹുല്‍ ആരോപിച്ചു. ജെയ്റ്റ്ലി തല്സ്ഥാനമൊഴിയണമെന്നും ഇതില്‍ വിശദമായ അന്വേഷണംതന്നെ നടത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.മല്യയെ രാജ്യം വിടാന്‍ അനുവദിക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറയുന്നു.വിജയ് മല്യ രാജ്യം വിടുന്നതിന് മുന്‍പ് ബിജെപി നേതാക്കളുമായ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് മാസങ്ങള്‍ക്ക് മുന്നേ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
സാമ്പത്തികത്തട്ടിപ്പുകേസില്പ്പെട്ടതിനെത്തുടര്ന്ന് നാടുവിട്ട മല്യ ഇപ്പോള്‍ ലണ്ടനിലാണ്.കഴിഞ്ഞ ദിവസം യുകെ കോടതിയുടെ മുന്നില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് നാടുവിടുന്നതിനുമുന്പ് താന്‍ അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു എന്ന കാര്യം വിജയ് മല്യ പറഞ്ഞത്.