നാഗ്പൂര്‍: അനിവാര്യമായ തോല്‍വിയില്‍ നിന്ന് ലങ്കയെ രക്ഷിക്കാന്‍ ഇത്തവണ ആരും അവതരിച്ചില്ല. നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 239 റണ്‍സിനും ലങ്കയെ കീഴടക്കി ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ടെസ്റ്റില്‍ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയത്തിനൊപ്പമെത്തി. രണ്ടാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റ് പിഴുത അശ്വിന്‍ അതിവേഗം 300 ടെസ്റ്റ് വിക്കറ്റുകളെന്ന ലോക റെക്കോര്‍ഡും സ്വന്തമാക്കി. സ്‌കോര്‍ ശ്രീലങ്ക 2015, 166, ഇന്ത്യ 610/6.

തോല്‍വി മുന്നില്‍ക്കണ്ട് നാലാം ദിനം ക്രീസിലിറങ്ങിയ ലങ്കക്കായി ക്യാപ്റ്റന്‍ ദിനേശ് ചണ്ഡിമല്‍ മാത്രമെ പൊരുതി നോക്കിയുള്ളു. 61 റണ്‍സെടുത്ത ചണ്ഡിമലിന് പുറമെ വാലറ്റത്ത് ലക്മല്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ലങ്കയുടെ തോല്‍വിഭാരം ചെറുതായെങ്കിലും കുറച്ചത്. ഇന്ത്യക്കായി അശ്വിന്‍ നാലു വിക്കറ്റെടുത്തപ്പോള്‍ ഇഷാന്തും ജഡേജയും ഉമേഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

56 ടെസ്റ്റില്‍ 300 വിക്കറ്റ് പിന്നിട്ട ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയുടെ റെക്കോര്‍ഡാണ് 54ാം ടെസ്റ്റില്‍ 300 പിന്നിട്ട് അശ്വിന്‍ മറികടന്നത്. ഈ വര്‍ഷമാദ്യം ലില്ലിയുടെ തന്നെ റെക്കോര്‍ഡ് മറികടന്നാണ് അശ്വിന്‍ അതിവേഗം 250 ടെസ്റ്റ് വിക്കറ്റ് തികച്ചത്. ടെസ്റ്റില്‍ 300 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറാണ് അശ്വിന്‍.