ഭരണഘടനാ ഭേദഗതി ബിൽ 126 പ്രകാരം ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് നിലവിൽ ഉള്ള പ്രാതിനിധ്യ അവകാശം റദ്ദ് ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടി ആംഗ്ലോ ഇന്ത്യൻ സമൂഹത്തോടും ഭരണ ഘടനയോടും ഉള്ള വെല്ലുവിളിയാണെന്ന് ഹൈബി ഈഡൻ എം പി. സമൂഹത്തിന്റെ പുരോഗതിക്ക് വളരെ സമഗ്രമായ ഒരു സമൂഹത്തെ എങ്ങനെ ഈ സർക്കാർ നോക്കിക്കാണുന്നു എന്നത് ആശങ്കയുളവാക്കുന്നു. എന്നാൽ ഭേദഗതി അവതരിപ്പിച്ച കേന്ദ്ര നിയമ വകുപ്പ് മന്ത്രി ആംഗ്ലോ ഇന്ത്യൻ സമൂഹം നേരിടുന്ന അവഗണനയും വേദനയും കണ്ടില്ലെന്നു നടിച്ചു കൊണ്ടാണ് ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പ്രാതിനിധ്യം റദ്ദ് ചെയുന്ന ബിൽ അവതരിപ്പിച്ചത്. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രാലയത്തിന്റെ പ്രഥമ സ്ഥിതി വിശകലന പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ സ്ഥിതി ഇന്നും പരിതാപകരം ആണെന്ന് വ്യക്തമാക്കുന്നു. ആംഗ്ലോ ഇന്ത്യൻ  സമൂഹത്തിന്റെ അംഗസംഖ്യ കേവലം 296  ആണെന്ന് സഭയിൽ മന്ത്രി സൂചിപ്പിച്ചു ,  ഇത് തന്നെ ഈ ജനസമൂഹത്തിന്റെ അടിസ്ഥാന വിവരങ്ങൾ പോലും ശേഖരിക്കാതെ അവരുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതിനുള്ള  ഗൂഡാലോചനയും വസ്തുതകളെ വളച്ചൊടി ക്കലും  മാത്രമാണെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. ഇത്തരമൊരു വിഷയം എന്തുകൊണ്ട് മാറി മാറി വന്ന പഠന റിപ്പോർട്ടുകളിൽ സൂചിപ്പിച്ചില്ല? നിരവധി നിവേദനങ്ങളും, പരാതികളും കേന്ദ്ര ന്യൂനപക്ഷ മന്ത്രിയുടെയും വകുപ്പിന്റെയും മുൻപിൽ സമർപ്പിക്കപ്പെട്ടപ്പോൾ എന്ത് കൊണ്ട് സൂചിപ്പിച്ചില്ല? 2017 ജനുവരി 13 നു ശ്രി മുഖ്താർ അബ്ബാസ് നഖ്വി ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ കണ്ടപ്പോൾ എന്തുകൊണ്ട് ഇത്തരം ഒരു പ്രശ്നം ഉന്നയിച്ചില്ല? എറണാകുളം നിയോജക മണ്ഡലത്തിൽ പോലും പതിനായിരക്കണക്കിന്‌ ആംഗ്ലോ ഇന്ത്യൻ വംശജർ ഉള്ളത് എറണാകുളത്തിന്റെ പ്രതിനിധിയായ എനിക്ക് നേരിട്ട് അറിവുള്ള വസ്തുതയാണ്, അതുകൊണ്ടു തന്നെ കേന്ദ്രസർക്കാർ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ നേർക്ക് കാട്ടിയ ഈ അനീതി അംഗീകരിക്കാനാവില്ല എന്നും ഹൈബി ഈഡൻ പറഞ്ഞു. ഏതുകാലത്തും അക്രമണോൽസുകമായ ഭരണകൂടങ്ങൾ തങ്ങളുടെ അജണ്ടകൾ പരീക്ഷിച്ചിരുന്നത് ദുർബലരും പരിമിതരും ആയ ജനവിഭാഗങ്ങളിൽ ആണെന്നതു സർക്കാരിന്റെ ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ പ്രാതിനിധ്യം റദ്ദു ചെയ്യാൻ ഉള്ള നടപടിയിൽ തെളിഞ്ഞുകാണുന്നു. ഇത് കേവലം ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് വരാനിരിക്കുന്ന നടപടികളുടെ ടെസ്റ്റ് ഡോസ് ആണ് എന്നും ഹൈബി പറഞ്ഞു.   നെഹ്രുവും, അംബേദ്കറും, മൗലാന ആസാദും, സമൂഹത്തിലെ അവസാന പൗരനെപ്പോലും ചേർത്തുപിടിച്ചപ്പോൾ, മോഡി സർക്കാർ ദുർബലരെ പൊതുധാരയിൽ നിന്നും നിഷ്കാസിതരാക്കാൻ ശ്രമിക്കുന്നു.ഭരണഘടനാ വിരുദ്ധമായ ഈ നടപടിക്കെതിയരെ അതിശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാജ്യത്ത് ആംഗ്ലോ ഇന്ത്യൻ സഹോദരങ്ങൾ അവരുടെ അവകാശ നിഷേധ പ്രതിഷേധത്തിൽ  ഒറ്റക്കല്ല എന്ന് ഹൈബി പ്രസ്താവിച്ചു.