കണ്ണൂര്‍:ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണ സംഘം.എന്നാല്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രേഖകളുടെ പ്രാഥമിക പരിശോധനയില്‍ ഇത് വ്യക്തമായിട്ടുണ്ട്.
മുനിസിപ്പല്‍ എഞ്ചിനീയര്‍ അടക്കം ഓഡിറ്റോറിയത്തിന് അനുമതി നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിട്ടും നഗരസഭാ സെക്രട്ടറിയാണ് അതിന് തടസം നിന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഓഡിറ്റോറിയം നിര്‍മ്മിച്ചതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പല തവണ നോട്ടീസ് അയച്ചത് ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിക്കുന്നതിന് വേണ്ടിയാണെന്നും കണ്ടെത്തി.
പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച സാജന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത കുറിപ്പില്‍ നഗരസഭാ ചെയര്‍പെഴ്‌സന്‍ ശ്യാമളക്കെതിരെ പരാമര്‍ശമില്ല. സാജന്‍ സ്വന്തം കൈപ്പടയില്‍ നോട്ടുബുക്കിലെഴുതിയ കുറിപ്പാണിത്.സിപിഐ എം നേതാക്കളായ പി ജയരാജന്‍, ജയിംസ് മാത്യു എംഎല്‍എ,അശോകന്‍ (തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം),കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എന്നിവര്‍ പരമാവധി സഹായിച്ചുവെന്ന് കുറിപ്പിലുണ്ട്. ചില വികസന വിരോധികളാണ് നായനാരുടെ നാട്ടില്‍ തന്റെ സ്വപ്‌നപദ്ധതി തകര്‍ത്തതെന്നും കുറിപ്പിലുണ്ട്.എന്നാല്‍ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ല.
സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്കെതിരെ കടുത്ത വിമര്‍ശമുയര്‍ന്നിരുന്നത്.സാജന്റെ ഭാര്യ ബീനയാണ് ആദ്യം ശ്യാമളയ്‌ക്കെതിരെ രംഗത്തു വന്നത്.