പുത്തനുടുപ്പും പുത്തന്‍ കുടയുമായി സ്കൂളില്‍ പോകുന്ന കുരുന്നുകള്‍ നയനാനന്ദകരമായ കാഴ്ചയാണ്. എന്നാല്‍ മഴക്കാലത്തെ സ്നേഹിക്കുന്ന കുട്ടികള്‍ക്കു മഴക്കാല രോഗങ്ങള്‍ വരാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ മഴക്കാലം വളരെ സുന്ദരമാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ അസുഖങ്ങള്‍ വരാനുള്ള സാധ്യതകളും ഈ മഴക്കാലത്ത് ഒളിഞ്ഞു കിടപ്പുണ്ട്. മഴക്കാല രോഗങ്ങളില്‍ പ്രധാനം ഇവയാണ്- വൈറല്‍ പനി, ഡെംഗിപ്പനി, വയറിളക്കം, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ), ടൈഫോയ്ഡ്.
ഇനി ഇവ ഓരോന്നിനെയും പറ്റി നമുക്കു നോക്കാം
വൈറല്‍ പനി വൈറല്‍ പനിയാണു മഴക്കാലത്ത് കുട്ടികളില്‍ കൂടുതലായി കാണപ്പെടുന്നത്. പനി, ജലദോഷം, ചുവന്ന പാടുകള്‍ എന്നിവയാണു സാധാരണ രോഗലക്ഷണങ്ങള്‍, വൈറല്‍ പനി അഞ്ചുമുതല്‍ ഏഴു ദിവസംവരെ നീണ്ടുനില്‍ക്കാം. ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ആഹോരം കഴിക്കുക, ആവശ്യത്തിനു വിശ്രമിക്കുക, ഡോക്റ്ററുടെ നിര്‍ദേശമനുസരിച്ചു മരുന്നുകള്‍ കഴിക്കുക, എന്നിവയാണു സാധാരണ ചികിത്സാരീതി.
ഡെംഗിപ്പനി
ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണു ഡെംഗിപ്പനി പരത്തുന്നത്. പനി, തലവേദന, സന്ധിവേദന, ചര്‍മത്തിലെ ചുവന്ന പാടുകള്‍ എന്നിവയാണു സാധാരണ ലക്ഷണങ്ങള്‍. ശ്വാസഗതി വേഗത്തിലാവുക, ശ്വാസംമുട്ടല്‍, പിച്ചും പേയും പറയുക, തലചുറ്റല്‍, മൂത്രത്തിന്റെ അളവു കുറയുക, രക്തസ്രാവം, രക്ത സമ്മര്‍ദം കുറയുക എന്നിവയാണു ഡെംഗിപ്പനിയുടെ അപകട ലക്ഷണങ്ങള്‍.
ധാരാളം വെള്ളം കുടിക്കുക, പോഷകാഹാരം കഴിക്കുക, നന്നായി വിശ്രമിക്കുക, പനിയുടെ ഗുളിക കഴിക്കുക എന്നിവയാണു സാധാരണ ചികിത്സയെങ്കിലും അപകട ലക്ഷണങ്ങള്‍ കാണുന്നപക്ഷം കിടത്തി ചികിത്സ ആവശ്യമായി വരുന്നതാണ്.
മലേറിയ
കൊതുകു പരത്തുന്ന മറ്റൊരു മഴക്കാല രോഗമാണു മലേറിയ. കുളിരും വിറയലോടും കൂടിയ പനി, പേശിവേദന എന്നിവയാണു ലക്ഷണങ്ങള്‍. ഇവ കാണുകയാണെങ്കില്‍ ഡോക്റ്ററുടെ ഉപദേശം തേടേണ്ടതാണ്.
കൊതുക് നിവാരണം മലേറിയ, ഡെംഗിപ്പനി തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ മര്‍മപ്രധാനമായ പങ്കുവഹിക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്നിടത്താണു കൊതുകു പ്രജനനം നടത്തുന്നത്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക് കുപ്പി, പാത്രങ്ങള്‍, ഓട, ചിരട്ട എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുക. കിടക്കുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക, കുളിക്കാനിറങ്ങുമ്പോള്‍ കൈ നീളമുള്ള ഉടുപ്പുകള്‍ ഉപയോഗിക്കുക, വൈകുന്നേരമാകുമ്പോള്‍ ജനലും വാതിലും അടച്ചിടുക എന്നിവ വഴി കൊതുകുകടി ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്.
വയറിളക്കം,
മഞ്ഞപ്പിത്തം
(ഹെപ്പറ്റൈറ്റിസ് എ),
ടൈഫോയ്ഡ്
ഇവ മഴക്കാലത്തു സര്‍വസാധാരണയായി കാണപ്പെടുന്ന ജലജന്യ രോഗങ്ങളാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കുക. വൃത്തിഹീനമായ ചുറ്റുപാടില്‍ തയാറാക്കുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക, കഴിയുന്നതും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
വയറിളക്കത്തിനും ടൈഫോയിഡിനും ഹെപ്പറ്റൈറ്റിസിനുമുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ കുട്ടികള്‍ക്ക് ഉറപ്പു വരുത്തുക. ശരീരത്തിലെ ജലാംശം നഷ്ടമാകാതിരിക്കാന്‍ വയറിളക്കം വന്നുകഴിഞ്ഞാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ രോഗങ്ങള്‍ക്കെല്ലാം ശിശുരോഗ വിദഗ്ധന്റെ നിര്‍ദേശമനുസരിച്ചുള്ള ചികിത്സ അത്യാവശ്യമാണ്.
=ചെറു ചൂടോടെ ആഹാരം കഴിക്കുക
=വൈറ്റമിന്‍ സി അടങ്ങിയ ആഹാര സാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
=റെയിന്‍ കോട്ട് ധരിക്കുക.
=മഴ നനഞ്ഞാല്‍ വൃത്തിയുള്ള വെള്ളത്തില്‍ കുളിച്ചു വസ്ത്രം മാറുക.
=കൈകള്‍ വൃത്തിയായി സൂക്ഷിക്കുക
=തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
=പുറത്തുനിന്നുള്ള ആഹാരം കഴിവതും ഒഴിവാക്കുക.
ഇങ്ങനെ ആരോഗ്യം സൂക്ഷിക്കാം. അസുഖങ്ങളെ അകറ്റുക മഴക്കാലം ആസ്വദിക്കുക.