തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന തൊഴില്‍വകുപ്പ് നടപ്പാക്കുന്ന ‘ആവാസ്’ പദ്ധതിക്ക് സംസ്ഥാനതല തുടക്കമായി. ഇതരസംസ്ഥാനതൊഴിലാളികള്‍ക്കായി 15,000 രൂപയുടെ ചികിത്സാ സഹായവും രണ്ടുലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷ്വറന്‍സ് പരിരക്ഷയുമാണ് ‘ആവാസ്’ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇതരസംസ്ഥാനതൊഴിലാളികളുടെ താമസസ്ഥലങ്ങളോടനുബന്ധിച്ച് അവരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ക്രഷുകള്‍ ആരംഭിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി കെ.കെ ശൈലജ അറിയിച്ചു. പദ്ധതിയുടെ പൈലറ്റ് എറണാകുളം ജില്ലയില്‍ ആരംഭിക്കും. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. ലഭ്യമായ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൂടെയുള്ളവരില്‍ എത്തിക്കാന്‍ എല്ലാ ഇതരസംസ്ഥാന തൊഴിലാളികളും ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഇതരസംസ്ഥാനതൊഴിലാളികളുടെ പ്രശ്നങ്ങളിലും ആവശ്യങ്ങളിലും സംരക്ഷണകവചമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു. ‘ആവാസ്’ പദ്ധതിയില്‍ അംഗത്വം നേടിയാല്‍ പണം മുടക്കാതെ തന്നെ ആനുകൂല്യങ്ങള്‍ ലഭിക്കും. എന്റോള്‍ ചെയ്തവര്‍ക്ക് 2018 ജനുവരി മുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഉദ്ഘാടനദിവസം 1,00,300 ലധികം രജിസ്ട്രേഷന് സംസ്ഥാനമാകെ നടന്നതായും മന്ത്രി അറിയിച്ചു.
തൊഴിലാളികള്‍ക്ക് വൃത്തിയുള്ള താമസകേന്ദ്രങ്ങള്‍ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പാലക്കാട് കഞ്ചിക്കോട്ട് 640 തൊഴിലാളികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ വാടകയ്ക്ക് താമസിക്കാന്‍ ഫഌറ്റ് സമുച്ചയം ഒരുങ്ങുകയാണ്. ജനുവരിയില്‍ ഉദ്ഘാടനം ചെയ്യാനാകും. തുടര്‍ന്ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലും ഇത്തരം സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കും. കേരളത്തില്‍ എല്ലാ ഇതരസംസ്ഥാന തൊഴിലാളികളും സുരക്ഷിതരാണെന്നും കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വര്‍ജനമെന്ന ആശയം ഇതരസംസ്ഥാനതൊഴിലാളികള്‍ എല്ലാവരും ഏറ്റെടുക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ആവാസിനു പുറമേ 2010ല്‍ ഇതരസംസ്ഥാനതൊഴിലാളികള്‍ക്കായി രൂപീകരിച്ച പദ്ധതിയിലും ചേരാന്‍ അവസരമുണ്ടെന്നും മന്ത്രി അറിയിച്ചു. കെട്ടിടനിര്‍മാണ മേഖലയില്‍ ജോലിചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട വ്യവസായമേഖലയില്‍ കേരളത്തിന്റെ സമ്പദ്ഘടനയെ സംരക്ഷിക്കുന്നത് ഇതര സംസ്ഥാനതൊഴിലാളികളാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു.
രാജ്യത്തിന് മാതൃകയാണ് ആവാസ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അനുഭവങ്ങളും സഹകരണവും എല്ലാ ഇതരസംസ്ഥാനതൊഴിലാളികളും അവരവരുടെ ഗ്രാമങ്ങളിലും നാട്ടിലും പറയണമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു.
ചടങ്ങില്‍ ഡോ. എ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആസൂത്രണ ബോര്‍ഡംഗം കെ. രവിരാമന്‍, കിലെ ചെയര്മാന് വി. ശിവന്‍കുട്ടി, അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ലേബര്‍ കമ്മീഷണര്‍ ഇന്‍ ചാര്‍ജ് എ. അലക്സാണ്ടര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.