തിരുവനന്തപുരം:ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും.ജലനിരപ്പ് 138 അടിയായി.142 അടിയാണ് പരമാവധി സംഭരണശേഷി.അണക്കെട്ടിന്റെ സ്പില്‍വേ വഴി വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടും.പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കി.അയ്യായിരത്തോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും.
അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ജലം പെരിയാറിലേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചിട്ടുണ്ടെന്ന് കേരള ചീഫ് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് തമിഴ്‌നാടാണ്.
നിലവിലെ സാഹചര്യത്തില്‍ ചെറുതോണിയില്‍നിന്നും വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ എറണാകുളം,ഇടുക്കി,തൃശ്ശൂര്‍ ജില്ലകളില്‍ പെരിയാറിന്റെ തീരത്ത് വസിക്കുന്നവര്‍ ജില്ലാ കളക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സമയത്ത് ക്യാമ്പുകളിലേക്ക് ഒഴിഞ്ഞുപോകണമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സുരക്ഷ മുന്‍നിര്‍ത്തി മുല്ലപ്പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും ഇടുക്കി ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

അതേസമയം മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ മൂന്നാര്‍ ദേശീയ പാതയും വെള്ളത്തിലായി പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്.മൂന്നാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുകയാണ്.മുതിരപ്പുഴയാര്‍ കരകവിഞ്ഞൊഴുകുകയാണ്.പഴയ മൂന്നാറില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന വഴിയിലെ പല കടകളിലും വെള്ളം കയറിയിട്ടുണ്ട്.തൊഴിലാളികളുടെ ലയങ്ങളെല്ലാം വെള്ളത്തിലാണ്.