മൂന്നാര്‍:ഇടുക്കിയില്‍ വീണ്ടും കനത്ത മഴയും ഉരുള്‍പൊട്ടലും.വട്ടവട,കോവിലൂര്‍, കൊട്ടാക്കമ്പൂര്‍,പഞ്ചനാട്ട് പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടിയത്.3 വീടുകള്‍ പൂര്‍ണമായും 14 വീടുകള്‍ ഭാഗികമായും തകര്‍ന്നു.മുതലപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
മഹാപ്രളയത്തില്‍ തകര്‍ന്നശേഷം പുനര്‍നിര്‍മിച്ച മൂന്നാറിലെ പെരിയവരൈ പാലം ഒലിച്ചു പോയി.കനത്ത മഴയെ തുടര്‍ന്ന് ഇരുവശങ്ങളിലെ കല്‍ക്കെട്ട് തകര്‍ന്നാണ് പാലം ഒലിച്ചു പോയത്.സെപ്തംബര്‍ 9 നാണ് താല്‍ക്കാലിക പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. മൂന്നാര്‍- ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതോടെ രാജമല,മറയൂര്‍,ചിന്നാര്‍ തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിലച്ചു. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് കൊച്ചി–ധനുഷ്‌ക്കോടി ദേശീയപാതയിലും ഗതാഗതം തടസ്സപ്പെട്ടു.
കനത്ത മഴയില്‍ കണ്ണന്‍ദേവന്‍ കമ്പനിയുടെ നെറ്റിക്കുടി ലോയര്‍ ഡിവിഷന്‍ പൂര്‍ണ്ണമായി വെള്ളത്തിലായി. ഇവിടെയുണ്ടായിരുന്ന ജീവനക്കാരെയും ലയങ്ങളിലെ തൊഴിലാളികളെയും സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി.പഴയ മൂന്നാറിലും വെള്ളംകയറി.മാട്ടുപ്പെട്ടിയില്‍ ബോട്ടിങ് നിര്‍ത്തിവെച്ചു.ഇന്നലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.