നമ്മുടെ കേട്ടറിവുകളൊക്കെയും സ്വാനുഭവത്തിലെത്തും വരെ വെറും അന്ധവിശ്വാസം മാത്രമാണ്. അത് ഈശ്വരാനുഭൂതി ആകട്ടെ ലൗകികാനുഭവം ആകട്ടെ. ഒരു വ്യക്തിയെ കുറിച്ച് മറ്റൊരാള്‍ വന്നു പറയുന്നതില്‍ പോലും പറയുന്നയാളിന്റെ വികാരവും ഭാവവും മുന്‍വിധികളും സ്വാര്‍ത്ഥതയും ഉള്‍ച്ചേര്‍ന്നിരിക്കും. അതില്‍ വ്യക്തിവൈരാഗ്യവും ഈഗോയും അസൂയയും പോലും പ്രവര്‍ത്തിച്ചെന്നിരിക്കും. ഒരാള്‍ക്കുണ്ടായ അനുഭവം അയാളുടെ പ്രവൃത്തികളിലെ നന്മതിന്മകളെ ആശ്രയിച്ചു സംഭവിക്കുന്നതാണ്. അതിനാല്‍ നമ്മുടെ എത്രവലിയ സുഹൃത്ത് പറഞ്ഞതായാലും ശരി മറ്റൊരാളെ കുറിച്ചുള്ള അയാളുടെ വാക്കുകളിലെ ഭാവവും അഭിപ്രായവും നാം സ്വീകരിക്കുന്നതും അതനുസരിച്ച് പെരുമാറുന്നതും ശരിയല്ല. പുറംലോകത്തെയായാലും അകംലോകത്തെയായാലും സ്വാനുഭത്തിലൂടെ അറിഞ്ഞ് സ്നേഹിക്കുവാന്‍ ശ്രമിക്കുക.
സ്വന്തം അനുഭവത്തെ പ്രമാണമാക്കുകയും സ്വന്തം പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയ്തുകൊണ്ട് വേണം നാം മുന്നേറുവാന്‍. ദുഃഖമോ ഭയമോ നിരാശയോ കോപമോ വിദ്വേഷമോ കൂടാതെ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന അവസ്ഥയില്‍ മാത്രമേ നാം ഈശ്വരനെ അനുഭവിച്ചറിഞ്ഞു എന്നു പറയാനാകൂ. മറ്റുള്ളവരുടെ വാക്കുകളിലെ ഭാവത്തെയും അഭിപ്രായങ്ങളെയും അതേപടി സ്വീകരിക്കുന്നത് ഒഴിവാക്കി സ്വാനുഭവത്തിലൂടെ സ്വയം അറിയണം, മറ്റുള്ളവരെയും സ്വാനുഭവംകൊണ്ട് അറിയണം. ആരുടെ വാക്കുകള്‍ നിമിത്തമാണോ നമുക്ക് മറ്റൊരാളോട് വിദ്വേഷം തോന്നുന്നത് അയാള്‍ നമ്മുടെ ഗുരുവോ വഴികാട്ടിയോ അല്ല! ആരുടെ വാക്കുകളാണോ ശത്രുവിനെ പോലും മിത്രമാക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് അത് ‘ഗുരുവരുള്‍’ ആണ്! ഈശ്വരാനുഭൂതി ഉണ്ടാകുമ്പോള്‍ സ്നേഹമല്ലാതെ വിദ്വേഷം ഉണ്ടാകുന്നില്ലല്ലോ! ഒരു ഉറുമ്പിനെ പോലും നോവിക്കില്ലല്ലോ! ആര് ഏതു ഭാവത്തെ പ്രകാശിപ്പിക്കുന്നു എന്ന തരത്തിലാണ് സ്വാനുഭവത്തെ നിരീക്ഷച്ച് ലോകത്തെയും അവനവനെയും അറിയേണ്ടത്.
ഓം