വാഷിങ്ടന്‍: കല്‍ക്കരി ഇറക്കുമതി, തുണിത്തരങ്ങളും കടല്‍ഭക്ഷണങ്ങളും കയറ്റുമതി, എണ്ണ കയറ്റുമതി നിര്‍ത്തലാക്കല്‍ തുടങ്ങിയ യുഎന്‍ ഉപരോധങ്ങള്‍ നടപ്പാക്കിയതു കൂടാതെ ഉത്തര കൊറിയയ്ക്കുമേല്‍ യുഎന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ മുഴുവനായും നടപ്പാക്കണമെന്നു ചൈനയോട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
അടുത്ത മാസം ചൈന സന്ദര്‍ശിക്കുന്ന ട്രംപ്, ഇക്കാര്യം പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ അറിയിക്കുമെന്നു വൈറ്റ് ഹൗസ് വാക്താക്കള്‍ വ്യക്തമാക്കി. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ ഒറ്റപ്പെടുത്തുന്നത് ലക്ഷ്യം വെച്ചാണ് കൊറിയയുടെ ഏറ്റവും അടുത്ത സഹായിയായ ചൈനയോട് ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്.
ഉത്തര കൊറിയയുടെ തുടര്‍ച്ചയായ ആണവായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ ചൈനയേയും പ്രശ്നത്തിലാഴ്ത്തിയതിനാല് അനുകൂല നിലപാടെടുക്കുമെന്നാണ് അമേരിക്ക കരുതുന്നത്.
യുഎന്‍ ഉപരോധങ്ങളില്‍ തൊണ്ണൂറു ശതമാനത്തോളം നടപ്പാക്കിയിട്ടുണ്ടെന്നാണ് ചൈനയുടെ അവകാശവാദം. നവംബര്‍ മൂന്നു മുതല്‍ 14 വരെ ജപ്പാന്, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലാണു ട്രംപിന്റെ സന്ദര്‍ശനം.