നമ്മുടെ പ്രശ്നങ്ങള്‍ ശാരീരികമാണെങ്കില്‍ ശരീരമുള്ളിടത്തോളംകാലം അവ അന്തിമമായി പരിഹരിക്കാന്‍ കഴിയില്ല! നമ്മുടെ പ്രശ്നങ്ങള്‍ മാനസികമാണെങ്കില്‍ മനസ്സ് ഉള്ളിടത്തോളംകാലം അവ പരിഹരിക്കാന്‍ കഴിയില്ല! ഇവിടെ പ്രായോഗികമായൊരു പരിഹാരം എന്താണെന്നോ? ഉദാത്തമായ ഒന്നിനു വേണ്ടി അവയെ സമര്‍പ്പിക്കുക എന്നതാണ്. ശരീരവും മനസ്സും ഈശ്വരന് സമര്‍പ്പിക്കുകയും ഈശ്വരനുവേണ്ടി സ്വധര്‍മ്മം അനുഷ്ഠിക്കുകയും ചെയ്യുക എന്ന മാര്‍ഗ്ഗം ആയിരിക്കും ജീവിതത്തില്‍ ശാന്തിദായകമായിരിക്കുക.എന്തിന്റെ പുറകേ പായുന്നുവോ അതില്‍നിന്ന് ശരീരംകൊണ്ട് രോഗക്ലേശങ്ങളെയും മനസ്സുകൊണ്ട് ദുഃഖദുരിതങ്ങളെയും നാം ക്ഷണിച്ചുവരുത്തുകയാണ്. ജീവിതത്തിലുടനീളം വീട്ടിലും നാട്ടിലും ചെയ്യുന്നതെല്ലാം ഈശ്വരനുവേണ്ടി എന്നാകുമ്പോള്‍ മറ്റുള്ള പ്രശ്നങ്ങളെല്ലാം നിസാരമാണെന്നു വരും. ഏതൊരു കാര്യവും ഈശ്വരനുവേണ്ടി ചെയ്യുമ്പോഴും തനിക്കുവേണ്ടി ചെയ്യുമ്പോഴും ഉള്ള വ്യത്യാസം വലുതാണ്. നാം ഓരോരോ കാര്യങ്ങള്‍ സാധിക്കാനായി ഇഷ്ടവസ്തുക്കള്‍ പലതും നേര്‍ച്ചയായി ഭഗവാന് സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ പരമമായ ആനന്ദത്തിനും അന്തിമമായ ദുഃഖനിവാരണത്തിനും നാം നേര്‍ച്ചയായി ഭഗവാനു സമര്‍പ്പിക്കേണ്ടത് ശരീര മനസ്സുകളെത്തന്നെയാണ്! എന്തെല്ലാം ക്രിയകള്‍ ചെയ്തെന്നാലും അതുവരെ നമ്മെ പ്രശ്നങ്ങള്‍ വിട്ടൊഴിയുന്നില്ല!ഓം