ലഖ്‌നൗ: ഉന്നാവയിൽ പീഢനക്കേസിൽ പെട്ട പുരുഷന്മാർ തീകൊളുത്തിയ യുവതിയുടെ കേസ് അതിവേഗ കോടതി പരിഗണിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 23 കാരിയായ യുവതി തൊണ്ണൂറ് ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടർന്ന് ദില്ലിയിലെ ആശുപത്രിയിൽ ഇന്നലെ രാത്രി മരിച്ചു. യുവതിയുടെ മരണവാർത്ത കേട്ട് അങ്ങേയറ്റം ദുഖിതനാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കേസ് അതിവേഗ കോടതിയിൽ കേൾക്കുമെന്നും കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകുമെന്നും യു പി മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ രാത്രി 11:40 ന് സഫ്ദർജംഗ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പൊള്ളലേറ്റ യുവതിയെ വ്യാഴാഴ്ച വൈകിട്ട് ഉത്തർപ്രദേശിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെത്തിച്ചിരുന്നു. യുവതിയുടെ മൃതദേഹം ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടത്തുന്നുണ്ട്. തുടർന്ന് മൃതദേഹം കുടുംബത്തിന് കൈമാറും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പോലീസിന് നൽകുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.