കൊച്ചി:എംഐ ഷാനവാസ് ഇനി ഓര്‍മ്മ. അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ എം.ഐ. ഷാനവാസിന്റെ മൃതദേഹം സംസ്ഥാനബഹുമതികളോടെ സംസ്‌കരിച്ചു. രാവിലെ പതിനൊന്ന് മണിയോടെ കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്‌കാരം നടന്നത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍,വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ എന്നിവരും പാര്‍ട്ടിപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം ഇന്നലെ രാത്രി എസ്.ആര്‍.എം റോഡിലെ വീട്ടിലേക്ക് മാറ്റിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തിയിരുന്നു.എകെ ആന്റണിയടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കൂടാതെ ആയിരക്കണക്കിനാളുകള്‍ ഷാനവാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കരള്‍ രോഗത്തെത്തുടര്‍ന്ന് ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്നലെ പുലര്‍ച്ചെയാണ് ഷാനവാസിന്റെ അന്ത്യം സംഭവിച്ചത്.കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി നടന്നെങ്കിലും പിന്നീടുണ്ടായ അണുബാധയാണ് രോഗം ഗുരുതരമാക്കുകയും അദ്ദേഹത്തിന്റെ മരണത്തിലേക്കു നയിക്കുകയും ചെയ്തത്.