എടത്വ: ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി നടത്തപ്പെടുന്ന എടത്വ ജലോത്സവം ഒക്ടോബര്‍ 19 ന് ഉച്ചകഴിഞ്ഞ് രണ്ടിന് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിക്ക് മുന്‍വശമുള്ള പമ്പയാറ്റില്‍ നടക്കും. ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് ജലോത്സവമാണിത്. ആന്റപ്പന്‍ അമ്പിയായം എവര്‍റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ചെറുവള്ളങ്ങളുടെ മത്സരവും നടക്കും. വെപ്പ്‌വള്ളങ്ങളും ഒരു തുഴ മുതല്‍ അഞ്ച് തുഴ വരെയുള്ള തടി, ഫൈബര്‍ വള്ളങ്ങളുടെ മത്സരവും അംഗപരിമിതരുടെ നേതൃത്വത്തില്‍ പ്രത്യേക മത്സരവും നടക്കും. സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ദേശിയ ജലകായിക താരങ്ങളുടെ നേതൃത്വത്തില്‍ കനോയിംങ്ങ് കയാക്കിങ്ങ് വള്ളങ്ങളില്‍ പ്രദര്‍ശന തുഴച്ചിലും ഉണ്ടാകും. ദമ്പതികള്‍ തുഴയുന്ന വള്ളങ്ങളുടെ മത്സരമാണ് ഈ വര്‍ഷത്തെ പ്രത്യേകത. ഉച്ചയ്ക്ക് 1.30 ന് എടത്വ പള്ളി കുരിശടിയില്‍ നിന്നും വിശിഷ്ഠ അതിഥികളെ പവലിയനിലേയ്ക്ക് സ്വീകരിക്കും. ചെയര്‍മാന്‍ സിനു രാധേയം പതാക ഉയര്‍ത്തും. പ്രസിഡന്റ് ബില്‍ബി മാത്യു ആമുഖ സന്ദേശം നല്‍കും. ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാദ്ധ്യഷന്‍ അഭിവന്ദ്യ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വ്വഹിക്കും. തോമസ് ചാണ്ടി എംഎല്‍എ. അധ്യക്ഷത വഹിക്കും. സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യു ചൂരവടി ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്യും.റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഉമ്മന്‍ മാത്യു മാസ് ഡ്രില്‍ സല്യൂട്ട് സ്വീകരിക്കും. സിനിമ താരം ഗിന്നസ് പക്രു ഫ്ളാഗ് ഓഫ് ചെയ്യും. യൂണിവേഴ്സല്‍ റെക്കാര്‍ഡ് ഫോറം അന്തര്‍ദേശിയ ജൂറി ഗിന്നസ് ഡോ. സുനില്‍ ജോസഫ് സമ്മാനദാനം നിര്‍വഹിക്കും. പനയന്നൂര്‍കാവ് ക്ഷേത്രം മുഖ്യകാര്യദര്‍ശി ബ്രഹ്മശ്രീ ആനന്ദന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. ആന്റപ്പന്‍ അമ്പിയായം ഫൗണ്ടേഷന്‍ കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം ഡോ. ലീലാമ്മ ജോര്‍ജ്ജിന് നല്‍കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അറിയിച്ചു. കാണികളായി എത്തുന്നവർക്ക് എല്ലാം ആലുക്കാസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി ഫലവൃക്ഷ തൈ വിതരണവും ഉണ്ടാകുമെന്ന് ട്രഷറാർ കെ. തങ്കച്ചൻ അറിയിച്ചു.സെക്രട്ടറി സജീവ് എൻ.ജെ ക്യതജ്ഞത അറിയിക്കും. ചടങ്ങിൽ സമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ -ജലകായിക രംഗത്തെ പ്രമുഖർ ആശംസകൾ അറിയിക്കും.