തിരുവനന്തപുരം:ബിജെപി സമരപ്പന്തലിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്. ആശുപത്രിയില്‍ വച്ച് വേണുഗോപാലന്‍ നായര്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയാണ് പുറത്തായത്.മരണമൊഴിയുടെ പകര്‍പ്പ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതോടെ അയ്യപ്പവേട്ടയില്‍ മനം നൊന്താണ്   വേണുഗോപാലന്‍നായര്‍ മരിച്ചതെന്ന ബിജെപിയുടെ വാദം പൊളിയുകയാണ്.  ഇന്നലെത്തന്നെ മരണ മൊഴിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവന്നിട്ടും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ വിഷയം രാഷ്ട്രീയമാക്കിയാണ്  ബിജെപി ഹര്‍ത്താല്‍ നടത്തിയത്.
‘ആരങ്കിലും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ടോ’,’ആര്‍ക്കെങ്കിലും എതിരെ പരാതിയുണ്ടോ’ എന്ന ചോദ്യങ്ങള്‍ക്ക് ‘ഇല്ല’ എന്നാണ് വേണുഗോപാലന്‍ നായരുടെ മറുപടി. എന്തായിരുന്നു സംഭവം’എന്ന ചോദ്യത്തിന് ‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്. ജനങ്ങള്‍ ചെയ്തു കൂട്ടുന്നത് കാരണമാണ്. ഞാന്‍ സ്വയം പെട്രോള്‍ ഒഴിച്ചു കത്തിച്ചു.എന്നെ ശല്യപ്പെടുത്തരുത്.എനിക്കിനി ഒന്നും പറയാനില്ല”.എന്നായിരുന്നു ഉത്തരം.
സ്വബോധത്തോടെ തന്നെയാണ് വേണുഗോപാലന്‍ നായര്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറയുന്നു. ഇന്നലെ രാവിലെ 11.20 നാണ് മൊഴിയെടുത്തത്.ശബരിമലയുമായോ ബിജെപിയുമായോ ബന്ധപ്പെട്ട് ഒരു വാക്കുപോലും മൊഴിയില്‍ പറഞ്ഞിട്ടില്ല.