ഹൈദരാബാദ്: മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും തെലുങ്കുദേശം പാര്‍ട്ടി നേതാവും നടനുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു.പുലര്‍ച്ചെ തെലങ്കാനയിലെ നല്‍ഗൊണ്ടയിലാണ് അപകടമുണ്ടായത്.അതി വേഗതയിലായിരുന്ന കാര്‍ നല്‍ഗൊണ്ട ഹൈവേയില്‍ റോഡ് മീഡിയനില്‍ ഇടിച്ച് നന്ദമുരി പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ നര്‍ക്കപ്പട്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 7:30 ഓടെ മരണം സംഭവിച്ചു.
ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ നെല്ലൂരില്‍നിന്ന് ഹൈദരാബാദിലേക്ക് കാറില്‍ വരുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.നന്ദമുരി തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്.
നടനും മുന്‍ എംപിയുമായ നന്ദമൂരി ഹരികൃഷ്ണ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാ സഹോദരനുമാണ്.തെലുങ്കിലെ പ്രമുഖ നടന്‍മാരായ ജൂനിയര്‍ എന്‍ടിആര്‍,നന്ദമുരി കല്യാണ്‍ റാം എന്നിവരാണ് മക്കള്‍.മറ്റൊരു മകനായ നന്ദമുരി ജാനകീറാം 2014-ല്‍ ഒരു വാഹനാപകടത്തില്‍ മരിച്ചിരുന്നു.