കണ്ണൂര്‍:കണ്ണൂരില്‍ സിപിഎമ്മിലെ വിഭാഗീയത ശക്തമാകുന്നതിന്റെ സൂചനയുമായി പി ജയരാജന്‍ അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ്. തളിപ്പറമ്പ് മാന്ധംകുണ്ടിലാണ് ജയരാജന്റെ ചിത്രവുമായി
ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
‘ഈ ഇടങ്കയ്യനാല്‍ ചുവന്ന കാവിക്കോട്ടകളും പച്ചക്കോട്ടകളും ഒരുപാടുണ്ട് ഇങ്ങ് കണ്ണൂരില്‍… വാക്കുകൊണ്ടോ കവിത കൊണ്ടോ പ്രകീര്‍ത്തിച്ച് തീര്‍ക്കാവുന്ന ഒന്നല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന്‍’ സഖാവ് പിജെ.
”യുവത്വമാണ് നാടിന്റെ സ്വപ്നവും പ്രതീക്ഷയും. നിങ്ങള്‍ തളര്‍ന്നു പോയാല്‍ ഇവിടെ സാമൂഹ്യവിരുദ്ധര്‍ തഴച്ചുവളരും.എല്ലാ കെടുതികള്‍ക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം”റെഡ് ആര്‍മി മാന്ധംകുണ്ട് എന്ന ഗ്രൂപ്പാണ് ഫ്‌ളക്‌സ് ഇറക്കിയിരിക്കുന്നത്.
പിജെ ഗ്രൂപ്പുകള്‍ വഴി പാര്‍ട്ടി വിരുദ്ധപോസ്റ്റുകള്‍ പ്രചരിക്കുന്നെന്നും ജയരാജന്‍ പാര്‍ട്ടിക്കതീതനായി പ്രവര്‍ത്തിക്കുന്നുവെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും തന്റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തി വേണ്ടെന്നും കഴിഞ്ഞ ദിവസം വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമളയ്‌ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പാര്‍ട്ടി ശ്യാമളയ്‌ക്കൊപ്പം നിന്നു. എന്നാല്‍ ആന്തൂര്‍ വിഷയത്തില്‍ ശ്യാമളയ്ക്കു വീഴ്ചയുണ്ടായെന്നും അവര്‍ അത് അംഗീകരിക്കണമെന്നുമാണ് ജയരാജന്‍ നിലപാടെടുത്തത്.