ദില്ലി:എസ് ഹരീഷിന്റെ ‘മീശ’ എന്ന വിവാദ നോവല്‍ നിരോധിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി.സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി.എഴുത്തുകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു.
എഴുത്തുകാരന്റെ ഭാവനയില്‍ വിരിയുന്ന കാര്യങ്ങള്‍ എഴുതാന്‍ അവകാശമുണ്ട്.എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാനാകില്ല.ഒരു പുസ്തകം പൂര്‍ണ്ണമായും വായിച്ചാണ് വിലയിരുത്തേണ്ടത്.അല്ലാതെ ഏതെങ്കിലും ഭാഗം അടര്‍ത്തിയെടുത്ത് വിവാദമാക്കുകയല്ല വേണ്ടത്.വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്കാരത്തോട് യോജിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാനിയമം 292 പ്രകാരമുള്ള അശ്ലീലമുണ്ടെങ്കിലേ പുസ്തകം നിരോധിക്കാനാവു.ഭാവനപരമായ സംഭാഷണത്തില്‍ അശ്ലീലം ബാധകമല്ല.അതുകൊണ്ട് തന്നെ പുസ്തകം നിരോധിക്കുന്നത് സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടി.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന നോവലിലെ രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം അടര്‍ത്തിയെടുത്താണ് വിവാദമുണ്ടാക്കിയത്.സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപത്തെത്തുടര്‍ന്ന് എസ്.ഹരീഷ് നോവല്‍ പിന്‍വലിക്കുകയായിരുന്നു.എന്നാല്‍ നോവല്‍ പിന്‍വലിച്ചതോടെ വിവിധ കോണുകളില്‍ നിന്ന് ഹരീഷിന് പിന്തുണയുമായി എത്തുകയും നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്സ് തയ്യാറാവുകയുമായിരുന്നു.
സുപ്രിംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എസ് ഹരീഷ് പറഞ്ഞു.എല്ലാ എഴുത്തുകാര്‍ക്കും ആശ്വാസം പകരുന്ന കാര്യമാണ് വിധിയെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.