കോട്ടയം: നാട്ടകം ഗവ. കോളജില്‍ എസ്എഫ്ഐ നടത്തിയത് സദാചാര ഗുണ്ടായിസം തന്നെയെന്ന് മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥിനികള്‍. ഇതാദ്യമായല്ല തങ്ങള്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിരിയുന്നതെന്നും ദലിത് തീവ്രവാദികള്‍ എന്ന് പറഞ്ഞ് തങ്ങള്‍ക്കെതിരെ ജാതീയമായി അധിക്ഷേപം വരെ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടെന്നും മര്‍ദ്ദനത്തിനിരയായ ആരതി,അത്മജ എന്നിവര്‍ പറഞ്ഞു. കാമ്പസില്‍ സദാചാര ഗുണ്ടായിസം നടന്നിട്ടില്ലെന്ന പ്രചാരണത്തിനിടെയാണ് ഇവര്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.
നാട്ടകം ഗവ കോളേജിലെ അവസാന വര്‍ഷ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനികളായ ആരതി, അത്മജ എന്നിവര്‍ക്കാണ് ഒകേ്ടോബര്‍ 30 ന് കാമ്പസില്‍ വെച്ച് മര്‍ദ്ദനമേറ്റത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജെയ്ന്‍ രാജ് അടക്കമുള്ളവര്‍ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ ആരതിയെയും അത്മജയെയും നവംബര്‍ ഒന്നിനാണ് ഡിസ്ചാര്‍ജ് ചെയ്തത്.
പ്രൊജക്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ക്യാംപസില്‍ എത്തിയപ്പോഴായിരുന്നു മര്‍ദ്ദനമെന്ന് ആതമജയും ആരതിയും പരാതിയില്‍ പറയുന്നു. ഇവരുടെ സീനിയറും കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിനിയും ആയ പെണ്‍കുട്ടി തന്റെ ആണ്‍സുഹൃത്തിനൊപ്പം കോഷന്‍ ഡിപ്പോസിറ്റ് വാങ്ങാന്‍ കോളേജില്‍ എത്തിയിരുന്നു. ഇവരോട് സംസാരിച്ച് കൊണ്ടിരിക്കുമ്പോളാണ് ബൈക്കിലെത്തിയ ജെയ്ന്‍ രാജ് അടക്കമുള്ളവര്‍ ഈ ആണ്‍സുഹൃത്തിനെതിരെ തിരിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ‘ഇവളുമാരോട് ഒക്കെ സംസാരിക്കാന്‍ നീയാരാണ്’ എന്ന് ചോദിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്ത തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പറയുന്നു. മര്‍ദ്ദിക്കുന്നത് കണ്ടുവെങ്കിലും ക്യാംപസില്‍ നിന്ന് ആരും തടയാന്‍ മുന്നോട്ട് വന്നില്ലെന്നും ക്യാംപസിന് പുറത്ത് നിന്നുള്ള ആള്‍ക്കാരാണ് തങ്ങളെ രക്ഷിക്കാന്‍ എത്തിയതെന്നും ഇവര്‍ പറയുന്നു.
അ്രകമണത്തെ തുടര്‍ന്ന് ദലിത് പീഡനത്തിനും ശാരീരിക അതിക്രമത്തിനും ചിങ്ങവനം പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തങ്ങളെ മര്‍ദ്ദിച്ചവരെ സസ്പെന്‍ഡ് ചെയ്യുക എന്നതാണ് പെണ്‍കുട്ടികളുടെ നിലവിലെ ആവശ്യം. അതുകൊണ്ട് തന്നെ കേസുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.