ഭോപ്പാല്‍:മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ അധികാരം പിടിച്ച് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. 114 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 230 അംഗ നിയമസഭയില്‍ ഭരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം 116 ആണ്.രണ്ട് സീറ്റുള്ള ബിഎസ്പിയും ഒരു സീറ്റുള്ള എസ്പിയും കോണ്‍ഗ്രസിന് പിന്തുണയറിയിച്ചിട്ടുണ്ട്.രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിക്കുമെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ 119 എംഎല്‍എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസിന് ഭരിക്കാനാവും.
സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് പിസിസി അധ്യക്ഷന്‍ കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്കി. കമല്‍നാഥായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നാണ് സൂചനകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്ഗാന്ധിയുടേതാവും. മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരം പിടിച്ചതോടെ ഭോപ്പാലിലെ പി സി സി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷത്തിമിര്‍പ്പിലാണ്.