കൊച്ചി: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന് എതിരായ അശ്ലീല ഫോണ്‍വിളിക്കേസ് അവസാനത്തിലേക്ക്. ശശീന്ദ്രനെതിരെ നല്കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്നു പരാതിക്കാരി ഹൈക്കോടതിയെ അറിയിച്ചു. താനും ശശീന്ദ്രനും തമ്മിലുള്ള കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പായി. പരാതി പിന്‍വലിക്കാന്‍ കോടതി അനുവദിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
സ്വകാര്യ ചാനലിന്റെ ആദ്യ സംപ്രേഷണ ദിവസത്തിലെ ലോഞ്ചിങ് വാര്‍ത്തയായാണ് ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്. വലിയ വിവാദമായതോടെ ഗതാഗതമന്ത്രി സ്ഥാനത്തുനിന്ന് എ.കെ.ശശീന്ദ്രനു രാജിവയ്ക്കേണ്ടി വന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ് ആണെന്നു പറഞ്ഞായിരുന്നു വാര്‍ത്ത. എന്‍സിപിയിലെ രണ്ടാമത്തെ എംഎല്‍എ തോമസ് ചാണ്ടി പിന്നീട് ഗതാഗത മന്ത്രിയായി ചുമതലയേറ്റു.
വാര്‍ത്ത ‘ഹണി ട്രാപ്’ (ഫോണ്‍ കെണി) ആണെന്ന തരത്തില്‍ വെളിപ്പെടുത്തല്‍ വന്നതോടെ കുറ്റമേറ്റ് ചാനല്‍ രംഗത്തെത്തി. സ്വയം തയാറായി മുന്നോട്ടുവന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇതു ചെയ്തതെന്നും സ്റ്റിങ് ഓപ്പറേഷനാണ് മന്ത്രിക്കെതിരെ ഉണ്ടായതെന്നും ചാനല്‍ മേധാവി വിശദീകരിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പൊലീസ് അന്വേഷണവും പ്രഖ്യാപിച്ചു. ചാനല്‍ സിഇഒ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.