ചെന്നൈ:ഐഐഎന്‍എക്‌സ മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നടപടി.കാര്‍ത്തിയുടെ വിദേശത്തുള്ള വസതിയടക്കം 54 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ഇന്ദ്രാണി മുഖര്‍ജി,പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എന്‍.എക്‌സ് മീഡിയ കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് കാര്‍ത്തി ചിദംബരം 10 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് സിബിഐ കണ്ടെത്തിയത്.പി.ചിദംബരം ധനമന്ത്രിയായിരിക്കെയായിരുന്നു ഇടപാട് നടന്നത്.
കേസില്‍ പി.ചിദംബരത്തിന്റെയും കാര്‍ത്തി  ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ നടത്തിയ റെയ്ഡില്‍ ഐഎന്‍എക്‌സ് മീഡിയയില്‍ നിന്ന് 10 ലക്ഷം രൂപ കൈപ്പറ്റിയതിനുള്ള വൗച്ചര്‍ കണ്ടെത്തിയിരുന്നു.കേസില്‍ കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി.
4 കോടി 62 ലക്ഷം രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനാണ് എഫ്.ഐ.പി.ബി ഐ.എന്‍.എക്‌സ് മീഡിയക്ക് അനുമതി നല്‍കിയത്.എന്നാല്‍ 305 കോടി വിദേശനിക്ഷേപമായി സ്വീകരിച്ച കമ്പനി ഓഹരി വിലയിലും കൃത്രിമം കാട്ടിയതായി സിബിഐക്ക് തെളിവുകള്‍ ലഭിച്ചിരുന്നു.തുടര്‍ന്നാണ് കാര്‍ത്തിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ തീരുമാനിച്ചത്.