തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ മജ്ജയിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് എത്തിയ ഒന്‍പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിതമായ രക്തം നല്‍കിയിരുന്നുവെന്നതിന് സ്ഥിരീകരണം. ഈ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ വന്‍ വിവാദക്കുരുക്കിലാണ് ആര്‍സിസി പെട്ടിരിക്കുന്നത്.

ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സര്‍ ബാധിതയായ കുട്ടിയെ കടുത്ത പനിയെതുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് പനി കുറഞ്ഞതിനാല്‍ വിടുതല്‍ നല്‍കിയെങ്കിലും ശ്വാസംമുട്ടല്‍ ഉണ്ടായതിനേത്തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുയായിരുന്നു. തുടര്‍ന്നാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

കുട്ടിയുടെ മെഡിക്കല്‍ രേഖകള്‍, രക്ത സാമ്പിള്‍, ശരീര സ്രവങ്ങള്‍ തുടങ്ങിയവ സൂക്ഷിക്കാന്‍ ആര്‍സിസി ഡയറക്ടറോട് കോടതി നിര്‍ദ്ദേശിക്കുകയുണ്ടായി. കുട്ടിയുടെ പിതാവിന്റെ ഉപഹര്‍ജ്ജിയിലാണ് ഹൈക്കോടതി ആര്‍സിസിക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്.

ഇപ്പോള്‍ എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയാണ് കുട്ടിയുടെ ശരീരത്തില്‍ എച്ച്‌ഐവി വൈറസ് കടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയത്. കുട്ടിക്ക് രക്തം നല്‍കിയവരില്‍ ഒരാള്‍ എച്ച്‌ഐവി ബാധിതനായിരുന്നു. വിന്‍ഡോ പീരിയഡില്‍ രക്തം നല്‍കിയതിനാലാണ് ആദ്യം ഇക്കാര്യം തിരിച്ചറിയപ്പെടാതെ പോയത്. ഇതോടെ ഗുരുതരമായ വീഴ്ച്ചയാണ് ആര്‍സിസി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് വ്യക്തമാകുന്നത്.