ന്യൂഡല്‍ഹി:’ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ്’ എന്ന അജണ്ട നടപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കും.ഇത് സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടയല്ലെന്നും രാജ്യത്തിന്റെ അജണ്ടയാണെന്നും എല്ലാ പാര്‍ട്ടികളുടെ അഭിപ്രായവും ഇക്കാര്യത്തില്‍ തേടുമെന്നും സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.എന്നാല്‍ യോഗത്തില്‍ പ്രധാനപ്രതിപക്ഷപാര്ട്ടികളുമായി ധാരണയുണ്ടാക്കാനായില്ല.
വൈ.എസ്.ആര് കോണ്‍ഗ്രസ്,ബിജു ജനതാദള്‍ എന്നിവരാണ് എന്‍.ഡി.എ ഇതരകക്ഷികളില് നിന്നും ഉപാധികളില്ലാതെ കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചത്.എന്നാല്‍ കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി,തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ടി.ഡി.പി,ആം ആദ്മി, ടി.ആര്.എസ് എന്നിവര്‍ പൂര്‍ണമായും ബഹിഷ്കരിച്ചു. സി.പി.എം, സി.പി.ഐ, നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍.സി.പി, മുസ്ലിം ലീഗ്, പി.ഡി.പി തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തിനെത്തിയെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചു മടങ്ങി.ശിവസേന നേതാവ് ഉദ്ധവ് താക്കറെയും യോഗത്തില്‍ നിന്നും വിട്ടു നിന്നു.
രാജ്യത്ത് എപ്പോഴും തെരഞ്ഞെടുപ്പുകള്‍ നടന്നു കൊണ്ടേയിരിക്കുന്നത് പെരുമാറ്റച്ചട്ടമനുസരിച്ച് സര്‍ക്കാറിന്റെ വികസന പദ്ധതികളെ ബാധിക്കുന്നുണ്ടെന്നാണ് ഒറ്റ തെരഞ്ഞെടുപ്പ് സമ്പ്രദായം കൊണ്ടുവരുന്നതിനുള്ള പ്രധാന കാരണമായി സര്‍ക്കാര്‍ പറയുന്നത്. ഉപകരണങ്ങളും ഉദ്യോഗസ്ഥരും വിന്യസിക്കുന്നതിലെ ഭാരിച്ച ചെലവ് കുറക്കാനാവുമെന്നും സര്‍ക്കാര്‍ പറയുന്നു. ജനപ്രാതിനിധ്യ നിയമത്തിലടക്കം നിരവധി ഭരണഘടനാ ഭേദഗതികള്‍ ആവശ്യമായി വരുന്ന ഈ നീക്കം പാര്‍ലമെന്റിന്റെ ഇരു സഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുകയും 50 ശതമാനം നിയമസഭകള്‍ ഇത് അംഗീകരിക്കുകയും ചെയ്തെങ്കിലേ പുതിയ മാറ്റം നടപ്പാക്കാനാവൂ.