മസ്കറ്റ്: വിനോദസഞ്ചാര രംഗത്തെ 0നിക്ഷേപസാധ്യതകള്‍ കണക്കിലെടുത്ത് ഒമാന്‍ കൂടുതല്‍ രാജ്യക്കാര്‍ക്ക് വിനോദസഞ്ചാര വിസ അനുവദിക്കാനൊരുങ്ങുന്നു.
68 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഒരു വര്‍ഷം കാലാവധിയുള്ള വിനോദസഞ്ചാര വിസയാണ് റോയല്‍ ഒമാന്‍ പോലീസ് അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷ കാലാവധിയുള്ള വിനോദസഞ്ചാര വിസയില്‍ കൂടുതല്‍ വിദേശരാജ്യങ്ങളിലെ പൗരന്മാര്ക്ക് ഒമാനില്‍ സന്ദര്‍ശനം നടത്താന്‍ കഴിയുമെന്ന് റോയല്‍ ഒമാന്‍ പോലീസ് പറയുന്നു.
ഈ വിസയില്‍ ഒമാനിലെത്തുന്നവര്‍ക്ക് ഒരു തവണ ഒരു മാസം എന്ന കണക്കില്‍ രാജ്യത്ത് തങ്ങാനാകും. അമേരിക്ക, കാനഡ, ബ്രിട്ടന്, ഷെങ്കണ്‍ രാഷ്ട്രങ്ങളില്‍ വിസയുള്ള ഇന്ത്യക്കാര്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാര് തുടങ്ങി പത്ത് തെക്കന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളും 19 മറ്റു രാഷ്ട്രങ്ങളും ഈ പുതിയ പട്ടികയിലുണ്ട്.
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഈ വിഭാഗത്തില്‍പ്പെടുന്ന യാത്രക്കാരുടെ പക്കല്‍ കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്പോര്‍ട്ടും മടങ്ങിപ്പോകാനുള്ള വിമാന യാത്രാടിക്കറ്റും ഹോട്ടല്‍ ബുക്കിങും ഉണ്ടായിരിക്കണം. ഒരു മാസത്തെ കാലാവധിയുള്ള വിസയ്ക്ക് 20 ഒമാനി റിയാലും ഒരുവര്‍ഷ കാലാവധിയുള്ള വിസയ്ക്ക് അമ്പത് റിയാലുമായിരിക്കും നിരക്ക്.