ഡിമന്‍ഷ്യ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിരവധി ചികിത്സാ രീതികള്‍ അടുത്ത കാലത്തായി ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തുകയുണ്ടായി. ഓര്‍മകള്‍ക്ക് മേല്‍ ഇരുട്ട് വ്യാപിച്ച് ആരെയും തിരിച്ചറിയാന്‍ സാധിക്കാത്ത ഭയാനകവും പരിതാപകരവുമായ അവസ്ഥയില്‍ നിന്നും രോഗികളെ രക്ഷിക്കുന്നതിലേക്കായി വികസിപ്പിച്ചെടുത്ത ഗവേഷണഫലങ്ങളൊക്കെ തന്നെയും ഇപ്പോള്‍ അവരില്‍ പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ് . എന്നാല്‍ ഗവേഷണങ്ങള്‍ പിന്നീടും പുരോഗമിക്കുകയുണ്ടായി.
ഏറ്റവും ഫലപ്രദമായ ഔഷധം, അതായിരുന്നു ലക്ഷ്യം .ഇപ്പോള്‍ ആ ലക്ഷ്യത്തിലേക്കും ഗവേഷണം എത്തിച്ചേര്‍ന്നിരിക്കുന്നു. ഡിമന്‍ഷ്യ രോഗത്തില്‍ നിന്നുള്ള മോചനം മാത്രം ലക്ഷ്യം വച്ചായിരുന്നില്ല ഇത്തരത്തിലൊരു ചികിത്സാ രീതി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തത്. മറിച്ച് ,മനുഷ്യരില്‍ അന്തര്‍ലീനമായ ഏറ്റവും ആഴമേറിയ വികാരങ്ങളിലൊന്നായ ഭയത്തെ ഇല്ലാതാക്കുക കൂടി വേണമായിരുന്നു.
പേടിപ്പെടുത്തുന്ന ഓര്‍മകള്‍ ഓരോ സെക്കന്‍ഡിലും നമുക്കുണ്ടാകാറുണ്ട്. ആ ഓര്‍മകള്‍ നമ്മിലെ ശുപാപ്തി വിശ്വാസത്തെയും ആത്മധൈര്യത്തേയുമൊക്കെ തകര്‍ത്ത് വിഷാദാവസ്ഥയിലേക്കും ഭാവി അനിശ്ചിത്വത്തിലാക്കുന്നതിനും കാരണമാകുകയാണ്. ഇത്തരം ആശങ്കാജനകമായ പ്രതിസന്ധികളെയൊക്കെ മുന്നില്‍ കണ്ടുകൊണ്ടാണ് ഈ രീതിയില്‍ വ്യത്യസ്തമായ ഒരു പഠനം നടത്താന്‍ ശാസ്ത്രസംഘം തീരുമാനിച്ചത്. പദ്ധതി ഇപ്പോള്‍ വിജയകരമാകുകയും ചെയ്തു.
ഭയപ്പെടുത്തുന്ന ഓര്‍മകള്‍ നമ്മുടെ മനസിലേക്ക് നിരന്തരം വന്നുചേരും . ആ ഓര്‍മകള്‍ എത്ര മറക്കാന്‍ ശ്രമിച്ചാലും നമ്മെ വേട്ടയാടിക്കൊണ്ടുമിരിക്കും . എന്നാല്‍ പുതിയ തരം ചികിത്സാ രീതി ഭീതിപ്പെടുത്തുന്ന ആ ഓര്‍മകളെ ഇല്ലാതാക്കുകയാണ്.
ആ ഓര്‍മകള്‍ ആവശ്യാനുസരണം തലച്ചോറിലേക്ക് വീണ്ടും പ്രവേശിക്കാനും സാധിക്കും. പുതിയ കണ്ടെത്തല്‍ ഇങ്ങനെ പോകുന്നു. ലേസര്‍ രശ്മികള്‍ വിവിധ ഫ്രീക്വന്‍സികളില്‍ കടത്തിവിട്ടാണ് ചികിത്സ നടത്തുക. സ്വിച്ചിട്ടാല്‍ ഓര്‍മകള്‍ ഇല്ലാതാകുകയും എന്നാല്‍ ആവശ്യാനുസരണം അവ വീണ്ടും തീരിച്ചുകൊണ്ടുവരാനും ഇതുവഴി സാധിക്കും, പഠനം വ്യക്തമാക്കി. ഡിമെന്‍ഷ്യ രോഗികളില്‍ ഓര്‍മകള്‍ വീണ്ടെടുക്കാന്‍ ഈ ചികിത്സ ഗുണം ചെയ്യുമെന്ന് പഠന സംഘം പറഞ്ഞു.
എലികളിലായിരുന്നു ആദ്യ പരീക്ഷണങ്ങള്‍ നടന്നത്. അത് വിജയകരമായി. യുദ്ധഭൂമിയിലെ പട്ടാളക്കാരുടെ ഭീതിപ്പെടുത്തുന്ന ഓര്‍മകളും, അപകടങ്ങള്‍ തരണം ചെയ്തവര്‍ക്കുണ്ടാകുന്ന മാനസിക ദു:ഖത്തിന് കാരണമാകുന്ന ഓര്‍മകളുമൊക്കെ ഇല്ലാതാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് തെളിയിച്ചിരിക്കുകകയാണ് കാലിഫേര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ .
അമെരിക്കയിലെ സെന്‍ ഡീഗോയില്‍ യൂണിവേഴ്സിറ്റി ഒഫ് കാലിഫോര്‍ണിയയിലെ ഗവേഷകര്‍ ഓര്‍മകളുടെ ലോകത്തൈ വീര്‍പ്പുമുട്ടലുകള്‍ക്ക് പരിഹാരങ്ങള്‍ പറഞ്ഞുതരികയാണിപ്പോള്‍. ഒരു പ്രത്യേക ഫ്രീക്വന്‍സിയില്‍ ലേസറുകള്‍ എലികളുടെ തലച്ചോറിലുടെ കടത്തിവിട്ട് അവയുടെ തലച്ചോറിനെ ഊര്‍ജ്വസ്വലമാക്കി. ലേസറുകള്‍ തലച്ചോറില്‍ എത്തിയതിന്‍റെ ഭാഗമായി തലച്ചോറിലെ ഞരമ്പുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എലികളുടെ കാലുകളില്‍ വൈദ്യുതാഘാതം എറ്റതുപോലുള്ള പ്രകംബനങ്ങള്‍ സൃഷ്ടിച്ചു.
ആ പ്രവര്‍ത്തി വീണ്ടും നടത്തിയപ്പോള്‍ എലികളില്‍ ഭയം വീണ്ടും വീണ്ടും ഉണ്ടായി. എന്നാല്‍ ലോ ഫ്രീക്വിന്‍സി ലേസര്‍ തരംഗങ്ങള്‍ മറ്റൊരു രീതിയില്‍ കടത്തിവിട്ടതോടുകൂടി ഓര്‍മകള്‍ മാഞ്ഞുപോകുകയും കാലില്‍ ഉണ്ടായ പ്രകമ്പനം എല്ലാതാകുന്നതുമാണ് പിന്നീട് കാണാനിടയായത്. ഭയന്നു പോയ അവസ്ഥ എലികളില്‍ അപ്രത്യക്ഷമാകുകയും ചെയ്തു. വീണ്ടും ആ ഓര്‍മകള്‍ വീണ്ടെടുക്കുന്നതിനായി കുറഞ്ഞ ഫ്രീക്വന്‍സിക്ക് പകരം ആദ്യം നല്‍കിയ ഉയര്‍ന്ന് ഫ്രീക്വന്‍സി ഉപയോഗിച്ചു. അങ്ങനെ ഓര്‍മകള്‍ തിരിച്ചുവന്നു. ഡിമന്‍ഷ്യ രോഗികളില്‍ ഓര്‍മകള്‍ വീണ്ടെടുക്കുന്നതിന് ഈ ചികിത്സ ഫലപ്രദമായി ഉപയോഗിക്കാന്‍ വരും കാലങ്ങളില്‍ തന്നെ സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടി.