തിരുവനന്തപുരം:കച്ചവടലക്ഷ്യത്തോടെയല്ല താന്‍ സിനിമയെ സമീപിക്കുന്നതെന്ന് സംവിധായിക അനാമിക ഹക്സര്‍. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന മീറ്റ് ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍.ചലച്ചിത്രമെന്ന മാധ്യമത്തിലൂടെ പറയുന്ന കാര്യങ്ങള്‍ പ്രേക്ഷകരുമായി സംവദിക്കുന്നിടത്താണ് സിനിമ വിജയിക്കുന്നതെന്നും അവര്‍ പറഞ്ഞു.മലയാളി സംവിധായകരായ അരവിന്ദന്‍,ജോണ്‍ എബ്രഹാം,അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ സിനിമകള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും ഏറെക്കാലം നാടകരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള അനാമിക കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക വിദ്യയുടെ ശരിയായ ഉപയോഗമാണ് തന്റെ ചിത്രങ്ങളുടെ മൂലധനമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മനോഹര്‍ ആന്റ് ഐയുടെ സംവിധായകനായ അമിതാഭ ചാറ്റര്‍ജി പറഞ്ഞു. ഇറാനിയന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സത്യജിത് റേയെ പോലുള്ള ഇന്ത്യന്‍ ചലച്ചിത്രപ്രതിഭകളുടെ ചിത്രങ്ങളാണിഷ്ടമെന്ന് രാജ്യാന്തര മത്സര വിഭാഗത്തിലെ ഡാര്‍ക്ക് റൂമിന്റെ സംവിധായകന്‍ റൗഹൊല്ല ഹെജാസി അഭിപ്രായപ്പെട്ടു.
വിഡോ ഓഫ് സൈലന്‍സിന്റെ സംവിധായകന്‍ പ്രവീണ്‍ മോര്‍ച്ചാലേ, ദി ഗ്രേവ്ലസ്സിന്റെ സംവിധായന്‍ മുസ്തഫാ സയ്യാരി, ബിലാത്തിക്കുഴലിന്റെ സംവിധായകന്‍ വിനു,നടന്‍ കെ ഗോപാലന്‍, ഇന്ത്യന്‍ ചിത്രമായ ബോണ്‍സ്ലെയെ പ്രതിനിധീകരിച്ച് നിര്‍മാതാവായ പിയൂഷ് സിങ് തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ മീരാ സാഹിബ് മോഡറേറ്ററായിരുന്നു.