കണ്ണൂര്‍:ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ക്ക് ഗുരുതര പരിക്ക്.കണ്ണൂര്‍ നടുവിലില്‍ ഷിബുവിന്റെ വീട്ടിലെ പക്ഷിക്കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചാണ് ഷിബുവിന്റെ മകന്‍ എം എസ് ഗോകുല്‍(എട്ട്),ശിവകുമാറിന്റെ മകന്‍ കാഞ്ചിന്‍ കുമാര്‍(12)എന്നിവര്‍ക്ക് പരിക്കേറ്റത്.സ്‌ഫോടനത്തിന് പിന്നാലെ ഷിബു ഒളിവില്‍ പോയെന്ന് പൊലീസ് പറഞ്ഞു.
വീടിന് മുന്‍പിലുള്ള പക്ഷിക്കൂടില്‍ നിന്നാണ് ബോംബ് താഴേക്ക് വീണ് പൊട്ടിത്തെറിച്ചത്.അപകടത്തില്‍ ഗോകുലിന്റെ ജനനേന്ദ്രിയം തകര്‍ന്നു.കുട്ടികളില്‍ ഒരാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്കും ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
പോലീസും ബോംബ്സ്‌ക്വാഡും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ 7 വടിവാളുകളും മഴുവും ബോംബ് നിര്‍മ്മാണ വസ്തുക്കളും ഷിബുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ആസൂത്രിതമായ ആക്രമണത്തിന് തയാറാക്കിയ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സിപിഎം ആരോപിച്ചു.