കണ്ണൂര്‍:അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രിക്കും മന്ത്രിമാരും കുടുംബാംഗങ്ങളുമടക്കം നടത്തിയ സ്വകാര്യ വിമാന യാത്ര വിവാദത്തിലേക്ക്.പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും അടക്കം 63പേര്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതിന് 2,28,000 രൂപയാണ് ചെലവ്.എംഎല്‍എ കെഎസ് ശബരീനാഥനാണ് ടിക്കറ്റടക്കം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് .പ്രളയകാലത്തെ ധൂര്‍ത്തെന്നാണ് ശബരീനാഥന്‍ യാത്രയെ വിശേഷിപ്പിച്ചത്.
ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്‌നാഥ് ബഹ്‌റയും സംഘത്തിലുണ്ടായിരുന്നു.ആദ്യ ഏഴു ടിക്കറ്റുകളില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളുമാണ്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല വിജയനും മക്കളായ വിവേകും വീണയും കൊച്ചുമക്കളും ഉണ്ടായിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിയും പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗങ്ങളായ പാര്‍ട്ടി നേതാക്കളും അടക്കം 63 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ എല്ലാവരും സ്വന്തം നിലയിലാണ് ടിക്കറ്റിനുളള പണം അടയ്ക്കുന്നതെന്ന് ഒഡെപെക് അധികൃതര്‍ വിശദീകരിച്ചു.
ശബരീനാഥന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം:-
ഇന്ന് വൈകുന്നേരം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗോ എയര്‍ ഫ്‌ലൈറ്റില്‍ ഒറ്റ PNR നമ്പറില്‍ ടിക്കറ്റെടുത്ത് സഞ്ചരിച്ചത് 63 യാത്രക്കാര്‍. ഇതില്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കുടുംബവും മന്ത്രിമാരും പരിവാരങ്ങളും ഗണ്‍മാന്‍മാരും സഖാക്കളും DYFI നേതാക്കളും ഉള്‍പ്പെടുന്നു. സംശയിക്കേണ്ട, ഈ ശുഭയാത്രയ്ക്ക് 2,28,000 രൂപ ചിലവഴിച്ചത് ODEPC എന്ന തൊഴില്‍ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ സ്ഥാപനമാണ്. എന്നുമാത്രമല്ല, മുഖ്യമന്ത്രിയുള്‍പ്പെടെ യാത്രചെയ്തപ്പോള്‍ ബില്ലില്‍ കൊടുത്തിട്ടുള്ള ODEPC അഡ്രസ് പോലും വ്യാജമാണ്.
പണ്ട് രാജാക്കന്മാര്‍ നായാട്ടിന്‌പോകുമ്പോള്‍ സര്‍വ്വസന്നാഹവുമായി യാത്രചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഇടതുപക്ഷ രാജവാഴ്ചയായതുകൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാന്‍മാരുടെ ഈ ധൂര്‍ത്ത്.
വിപ്ലവാഭിവാദ്യങ്ങള്‍.