ചെന്നൈ: കനത്ത മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് ചെന്നൈയുള്‍പ്പെടെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയത്. ബംഗാള്‍ തീരത്ത് ഉടലെടുത്തിരിക്കുന്ന ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.
കുറേ ദിവസങ്ങളായി ഈ മൂന്ന് ജില്ലകളിലും കനത്ത മഴ തുടരുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായാണ് മഴയുടെ ശക്തി കുറഞ്ഞത്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം മാറ്റമില്ലാതെ തുടരുകയാണ്. ഞായറാഴ്ച മുതല്‍ ശക്തമായ മഴയാണ് പ്രതീക്ഷിച്ചത്. കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം ഡയറക്ടര്‍ എസ് ബാലചന്ദ്രന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ വന്‍നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്ന സമയത്ത് നഗരകാര്യമന്ത്രി ഓസ്ട്രേലിയന്‍ പര്യടനത്തിന് പോയിരിക്കുന്നത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പ്രളയബാധിത സംസ്ഥാനമായ തമിഴ്നാടിനെ അതില്‍ നിന്നും രക്ഷിക്കുന്നതിനുള്ള വിദ്യകള്‍ മനസിലാക്കുന്നതിനായാണ് മന്ത്രിയുടെ ഓസീസ് പര്യടനമെന്നാണ് വിശദീകരണം.
നേരത്തെ ഉണ്ടായ കനത്ത മഴയില്‍ സംസ്ഥാനത്ത് 12 ലേറെ പേര്‍ മരിച്ചിരുന്നു. നിരവധി വീടുകളും വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ നഷ്ടമായി.