കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി കൂടുതല്‍ വൈദികര്‍ സമരപ്പന്തലിലെത്തി.എറണാകുളം- അങ്കമാലി അതിരൂപതയിലെയും മര്‍ത്തോമാ സഭയിലെയും വൈദികരാണ് തങ്ങളും കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടെന്ന സന്ദേശം നല്‍കി സമരപ്പന്തലിലെത്തിയത്.
വത്തിക്കാന്‍ ഇടപെട്ട് കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും സഭ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.സഭയില്‍ അധികാരത്തിന്റെ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും പോരാട്ടം സഭയ്‌ക്കെതിരായല്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറി നിന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലെത്തും.ബിഷപ്പിനെതിരെ വത്തിക്കാന്‍ നടപടിയെടുക്കുമെന്നും സൂചനയുണ്ട്.