കാര്യം പറയുമ്പോൾ എന്നെ തെറിവിളിച്ചിട്ട് കാര്യമില്ല എന്ന് തൃത്താല എം എം എ വി. ടി ബൽറാം. ബ്രാഹ്മണരുടെ “ദാരിദ്ര്യം” മാത്രമേ ദാരിദ്യമായി കമ്മ്യൂണിസ്റ്റുകളുടെ കണ്ണിൽപ്പെടുകയുള്ളൂ എന്നത് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്.
കഴിഞ്ഞ രണ്ട് വർഷമായി പട്ടികജാതി ക്ഷേമ വകുപ്പിൽ നിന്ന് ഒരാൾക്ക് പോലും പുതുതായി വീട് വക്കാൻ പണം നൽകുന്നില്ല. മുൻ സർക്കാരിന്റെ കാലത്ത് ഓരോ വർഷവും ഏതാണ്ട് അയ്യായിരത്തോളം പട്ടികജാതിക്കാർക്ക് വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ നിന്ന് ഇങ്ങനെ പുതിയ വീട് നൽകിയിരുന്നു. വീട് റിപ്പയറിന് ആയിരക്കണക്കിനാളുകൾക്ക് വേറെയും സഹായം ലഭിച്ചിരുന്നു. ഈ സർക്കാർ വന്നതിന് ശേഷം വീടിനുള്ള ഫണ്ട് എല്ലാം ”ലൈഫി”ലേക്ക് മാറ്റി എന്ന് പറയപ്പെടുന്നു, മൂന്ന് വർഷമായിട്ടും പട്ടികജാതിക്കാർക്ക് ആർക്കും ഇതുവരെ ഈ പദ്ധതി പ്രയോജനപ്പെട്ടു തുടങ്ങിയിട്ടില്ല. വീട് റിപ്പയറിന് പട്ടികജാതിക്കാർക്ക് സർക്കാർ ഇപ്പോൾ നൽകുന്നത് പരമാവധി ഒന്നര ലക്ഷമാണ്. അതും സംസ്ഥാനത്ത് ആകെ മൂവായിരത്തോളം ആളുകൾക്ക് മാത്രം. എന്നാൽ ബ്രാഹ്മണന്റെ അഗ്രഹാരം റിപ്പയറിന് അഞ്ച് ലക്ഷം തന്നെ വേണം!
ദാരിദ്ര്യം പരക്കെയുള്ള ഒരു യാഥാർത്ഥ്യമാണ്. അതിൽ സവർണ്ണന്റെ ദാരിദ്ര്യം കേവലം പണമില്ലായ്മ മാത്രമാണ്. എന്നാൽ ദലിത് വിഭാഗക്കാരുടേത് ദാരിദ്ര്യവും സാമൂഹിക പിന്നാക്കാവസ്ഥയും അവഗണനയും അവഹേളനവും അടിച്ചമർത്തലും അധികാര പങ്കാളിത്തമില്ലായ്മയും മുതൽ മോബ് ലിഞ്ചിംഗ് വരെ നീളുന്നതാണ്. ഈ അടിസ്ഥാനപരമായ യാഥാർത്ഥ്യം മനസ്സിലാവാത്തതാണ് കമ്മ്യൂണിസ്റ്റുകളെ ഇന്നും “ബ്രാഹ്മിൺ ബോയ്സ്” ആയി നിലനിർത്തുന്നത്.
വി ടി ഫേസ്ബുക്കിൽ കുറിച്ചത്.