തിരുവനന്തപുരം:ഐഎസ്ആര്‍ഒ ചാരക്കേസില്‍ വിധി വരുമ്പോള്‍ കേരളരാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി പത്മജാ വേണുഗോപാല്‍.തന്റെ പിതാവ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇരയാണെന്നും കേസിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നും പത്മജ പറഞ്ഞു.മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരില്‍ മാത്രം ജുഡീഷ്യല്‍ അന്വേഷണം ചുരുങ്ങരുതെന്നും ഗൂഢാലോചനയ്ക്കു പിന്നില്‍ രാഷ്ട്രീയത്തില്‍ സജീവമായ അഞ്ചുപേരെന്നും പത്മജ വെളിപ്പെടുത്തുന്നു.എന്നാല്‍ ആ അഞ്ചുപേര്‍ ആരെന്ന് അന്വേഷണകമ്മീഷനു മുന്നില്‍ വെളിപ്പെടുത്തുമെന്നും പത്മജ പറഞ്ഞു.
നമ്പി നാരായണന് അനുകൂലമായ വിധി വന്നതില്‍ സന്തോഷമുണ്ട്.എന്നെങ്കിലും സത്യം പുറത്തു വരുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥര്‍ മറ്റു ചിലരുടെ ചട്ടുകമായി പ്രവര്‍ത്തിച്ചതാണെന്ന് ജുഡീഷ്യല്‍ അന്വേഷണത്തില്‍ വ്യക്തമാകും.സത്യം എന്തായാലും പുറത്ത് വരും.ഇനിയും ഇതില്‍ ഗൂഡാലോചന പുറത്ത് വരാനുണ്ട്.സംഭവത്തിന് പിന്നില്‍ ശക്തമായ രാഷ്ട്രീയ നീക്കങ്ങളുണ്ടായിരുന്നു. മറഞ്ഞിരിക്കുന്ന പല കാര്യങ്ങളും കേസില്‍ പുറത്ത് വരാനുണ്ട്.ഇപ്പോള്‍ സുരക്ഷിതരെന്ന് കരുതിയിരിക്കുന്ന പലരും അന്വേഷണത്തില്‍ പുറത്തുവരുമെന്നും പത്മജ പറഞ്ഞു.
നമ്പി നാരായണന് ലഭിക്കുന്ന നീതി പിതാവിന് കൂടി ലഭിക്കുന്ന നീതിയാണെന്നും പത്മജ പറഞ്ഞു.പല കാര്യങ്ങളും തുറന്ന് പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു പിതാവ് നേരിട്ടത്.അദ്ദേഹം രാഷ്ട്രത്തേയും പാര്‍ട്ടിയേയും ഏറെ സ്‌നേഹിച്ചിരുന്നു. എന്നിട്ടും ഒരു രാജ്യദ്രോഹിയായി അദ്ദേഹത്തെ കണ്ടതില്‍ വിഷമമുണ്ട്.പിതാവ് ചെയ്തത് ശരിയാണെന്ന് ഉറച്ച് വിശ്വസിക്കുന്നെന്നും പത്മജ പറഞ്ഞു.