ദില്ലി:റഫാല്‍ യുദ്ധ വിമാന ഇടപാടിന്റെ ഫയലുകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്നും കാണാതായ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.രാജ്യത്ത് എല്ലാം കാണാതാകുന്നു.കര്‍ഷകന്റെ പണവും രണ്ട് കോടി തൊഴിലവസരവും കാണാതായി.റഫാല്‍ ഫയലും കാണാതായെന്നാണ് രാഹുലിന്റെ പരിഹാസം.അനില്‍ അംബാനിക്ക് റഫാല്‍ കരാര്‍ ഒപ്പിച്ച് നല്‍കുന്നതിനാണ് പ്രധാനമന്ത്രി പദ്ധതി വൈകിപ്പിച്ചതെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പ്രധാനമന്ത്രി അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുണ്ട്.അതുകൊണ്ട് ക്രിമിനല്‍ കേസെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്നും കാണാതായതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മോഷ്ടിച്ച ഫയലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളായി വന്നുവെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.