ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയം പരിഹരിക്കേണ്ടെത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ വേണമെന്ന് ചൈന. യു എന്നിലാണ് ചൈന നിലപാടു വ്യക്തമാക്കിയത്. ‘കശ്മീര്‍ വിഷയത്തില്‍ ചൈനീസ് നിലപാട് വ്യക്തമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ വര്‍ധിപ്പിക്കണം. സമാധാനത്തിനും സുരക്ഷയ്ക്കും ഇരുകൂട്ടരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുകയാണു വേണ്ടത്’ ചൈനീസ് വിദേശകാര്യ വക്താവ് ലൂ കാങ് പറഞ്ഞു.

യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവേ, കശ്മീരിലേക്ക് യുഎന്‍ പ്രത്യേക സംഘത്തെ അയയ്ക്കണമെന്ന് പാക്ക് പ്രധാനമന്ത്രി ഷാഹിദ് കാഖന്‍ അബ്ബാസി ആവശ്യപ്പെട്ടിരുന്നു. കശ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ പ്രമേയം പാലിക്കപ്പെടണം. ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വയംനിര്‍ണയാവകാശം ലോകം മാനിക്കണമെന്നും അതിലൂടെ മാത്രമേ കശ്മീര്‍ പ്രശ്‌നപരിഹാരം സാധ്യമാകുകയുള്ളൂവെന്നും പാക്ക് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.