ജനജാഗ്രതായാത്രയ്ക്കിടയില് കൊടിയേരി സഞ്ചരിച്ച മിനികൂപ്പര്‍ ഉടമ കാരാട്ട് ഫൈസലിന് മോട്ടാര്‍ വാഹന വകുപ്പിന്റെ നോട്ടീസ്. ഏഴ് ദിവസത്തിനകം ഹിയറിങ്ങിന് ഹാജരാകാനാണ് നിര്‍ദ്ദേശം. നികുതി വെട്ടിച്ച് ആഢംബര കാര്‍ സ്വന്തമാക്കിയതിനെതിരെയാണ് നോട്ടീസ്. പത്ത് ലക്ഷം രൂപയോളം നികുതി വെട്ടിച്ചാണ് ഫൈസല്‍ മിനികൂപ്പര്‍ കാര്‍ സ്വന്തമാക്കിയത്.
ജനജാഗ്രതായാത്രയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ വാഹനത്തിന്റെ രജിസ്ട്രേഷന് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നികുതി വെട്ടിക്കുന്നതിനായാണ് പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിവൈ01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം ഫൈസലിന്റെ പേരില്‍ തന്നെയാണെങ്കിലും നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
നമ്പര്‍4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട് എന്ന അഡ്രസിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വിലാസത്തില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. മിനി കൂപ്പറിനെ കുറിച്ചോ ഫൈസല്‍ കാരാട്ടിനെയോ അറിയില്ലെന്ന് ശിവകുമാറിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. 44 ലക്ഷം വിലയുള്ളതാണ് ബിഎംഡബ്ല്യു മിനി കൂപ്പര്‍ കാര്‍. ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന പത്ത് ലക്ഷത്തോളം രൂപയാണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വാഹന ഉടമയായ കാരാട്ട് ഫൈസല്‍ വെട്ടിച്ചത്. നികുതിവെട്ടിപ്പിന് പുറമേ വ്യാജ വിലാസം നല്കിയതും ഗുരുതരമായ കുറ്റമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജനജാഗ്രതാ യാത്ര കൊടുവള്ളിയില്‍ എത്തിയപ്പോഴായിരുന്നു ആഢംബര കാര്‍ ജാഥയ്ക്കായി ഉപയോഗിച്ചത്. ആയിരം കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതിയാണ് ഫൈസല്‍ കാരാട്ട്. ജനജാഗ്രത യാത്രയില്‍ കോടിയേരി ബാലകൃഷ്ണന് ഇയാളുടെ കാറില്‍ യാത്ര ചെയ്തതോടെയാണ് മിനി കൂപ്പര്‍ വിവാദമാകുന്നത്.
അതേസമയം താന്‍ ഒരു കേസിലും പ്രതിയല്ല എന്ന് കാരാട്ട് ഫൈസല്‍ വാദിച്ചെങ്കിലും ഈ വാദം തെറ്റാണെന്നും ബോധ്യമായിരുന്നു. 2014 മാര്‍ച്ച് 27ന് ആണ് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്) കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഷഹബാസ് എന്നയാളെയും എയര്‍ ഹോസ്റ്റസ് മാരെയും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് ഷഹബാസിന്റെ കാര്‍ അന്ന് കൊടുവള്ളി പഞ്ചായത്ത് അംഗവും ഇപ്പോള്‍ മുനിസിപ്പല്‍ അംഗവുമായ കാരാട്ട് ഫൈസലിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇപ്പോഴും കാരാട്ട് ഫൈസലിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട് എന്നാണ് ഡിആര്‍ഐ വ്യക്തമാക്കിയതും.