ദില്ലി:രാജ്യം 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാ നമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്ന് മോദി പറഞ്ഞു. പ്രളയത്തില്‍ വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ പ്രയാസപ്പെടുകയാണെന്നും എത്രയും പെട്ടെന്ന് എല്ലാം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുത്തലാഖ് നിരോധിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നില്ല.ആ തീരുമാനം മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിന് സഹായിക്കും.ഇന്ത്യയിലെ ജനസംഖ്യ വര്‍ധന ആശങ്കപ്പെടുത്തുന്നതാണെന്നും കുടുംബാസൂത്രണ സന്ദേശം കൂടുതല്‍ ജനങ്ങളില്‍ എത്തണമെന്നും മോദി പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികരെ ഈ നിമിഷം ആദരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കരനാവിക വ്യോമ സേനകള്‍ക്ക് ഇനി ഒരു മേധാവിയെന്നും പ്രധാനമന്ത്രി പറഞ്ഞു.സേനയുടെ നവീകരണമടക്കമുള്ള ചുമതലയായിരിക്കും ഇദ്ദേഹം വഹിക്കുക. രാജ്യത്തെല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കും.അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.