കുപ്രചരണങ്ങള്‍ക്കെല്ലാം ഒടിവെച്ച് ‘ഒടിയന്’.അതിവേഗം നൂറുകോടി ക്ലബിലെത്തുന്ന ചിത്രമെന്ന റെക്കോര്‍ഡ് ഇനി ഒടിയന് സ്വന്തം. വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഒടിയന് 30 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ ഇടം നേടിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുള്ളത്.വേള്‍ഡ് വൈഡ് കലക്ഷനിലൂടെ ഇതിനോടകം സിനിമ നൂറുകോടി ക്ലബിലെത്തി. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും മികച്ച പണം വാരി ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ഒടിയന്.ബാഹുബലി,യന്തിരന്, 2.0, മെര്‍സല്‍,കബാലി,സര്‍ക്കാര്‍ തുടങ്ങിയ സിനിമകളാണ് അതിവേഗം പണം വാരിയ സിനിമകള്‍. ഈ പട്ടികയിലേക്ക് ഒടിയനും എത്തിയത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം വളരെ വലിയ നേട്ടമാണ്.
മലയാളസിനിമാ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിമര്‍ശനവും പരിഹാസവും കേള്‍ക്കേണ്ടി വന്ന ചിത്രമാണ് ഒടിയന്. പ്രത്യേകിച്ചും സിനിമയുടെ സംവിധായകനായ ശ്രീകുമാര്‍ മേനോന് അതിരൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. ചിത്രത്തിന് വലിയ രീതിയില്‍ പ്രൊമോഷന് നല്‍കിയെന്നും എന്നാല്‍ അതിനൊത്ത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ലെന്നും മറ്റുമായിരുന്നു വിമര്‍ശനം.വിചിത്രമായി തോന്നിയത് മോഹന്‍ലാലിനുനേരെ വിമര്‍ശനങ്ങളുണ്ടായില്ല എന്നതാണ്.
എന്തായാലും ആദ്യ ആഴ്ച കഴിഞ്ഞതോടെ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് ഒടിയന്റെ മുന്നേറ്റമായിരുന്നു. ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തു. പലയിടങ്ങളിലും ഗംഭീര തിരക്ക് അനുഭവപ്പെട്ടിരുന്നു.ഇപ്പോഴും ‘ഒടിയന്’ പല തീയേറ്ററിലും ഹൗസ്ഫുള്ളായി ഓടുകയാണ്. കേരളത്തിനു പുറത്തും സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ ചിത്രം 100 കോടി സ്വന്തമാക്കിയതായി സംവിധായകന് അവകാശപ്പെട്ടിരുന്നു. ആശീര്‍വാദ് പ്രൊഡക്ഷന്സിന്രെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.
