തിരുവനന്തപുരം:ബിജെപി അനുഭാവിയായ ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍ തല മൊട്ടയടിച്ചു.വെറുതെ മൊട്ടയടിച്ചതല്ല,കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് തോറ്റാല്‍ മൊട്ടയടിക്കുമെന്നു പറഞ്ഞ വാക്കു പാലിച്ചതാണ്.എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് മറ്റ് ബിജെപിക്കാരെപ്പോലെ അലി അക്ബറും ഉറച്ചു വിശ്വസിച്ചു.മിസോറാം ഗവര്‍ണര്‍ പദവി രാജിവെപ്പിച്ച് കുമ്മനത്തെ പാര്‍ട്ടി തിരുവനന്തപുരത്ത് നിര്‍ത്തിയത് ജയത്തില്‍ കുറഞ്ഞതൊന്നും വേണ്ടെന്ന് തീരുമാനത്തിലാണ്.എന്നാല്‍ കുമ്മനത്തിന് ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍പ്പോലും നേട്ടമുണ്ടാക്കാനായില്ല.
കുമ്മനത്തിന്റെ പരാജയത്തോടെ അലി അക്ബറിന്റെ വെല്ലുവിളി ഓര്‍മ്മിപ്പിച്ച് ഒട്ടേറെപ്പേര്‍ രംഗത്തെത്തി.അതോടെ നിവൃത്തിയില്ലാതെ മൊട്ടയടിച്ചശേഷം അലിഅക്ബര്‍ ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
‘പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു, എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റതന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം, എത്ര തന്തയ്ക്ക് പിറന്നവനെന്നു. കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുത്താം. കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം..’ അദ്ദേഹം കുറിച്ചു.